കേരളം

kerala

ETV Bharat / state

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവാവിന് ക്രൂര മര്‍ദനം; രണ്ടു പേര്‍ പൊലീസ് പിടിയില്‍ - യുവാവിന് ക്രൂര മര്‍ദനം

പന്തളം ചെന്നായിക്കുന്ന് സ്വദേശികളായ ഉണ്ണി (25), അരുൺ (25) എന്നിവരെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്‌തത്.

#pta arrest  two men got arrested for thrashing  crime news from pathanamthitta  Thrashing  Crime  Moral policing  ക്രൂര മര്‍ദനം  യുവാവിന് ക്രൂര മര്‍ദനം  പത്തനംതിട്ട
വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവാവിന് ക്രൂര മര്‍ദനം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

By

Published : Jul 17, 2022, 8:56 PM IST

പത്തനംതിട്ട: സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവെ, വണ്ടി കിട്ടാതെ നടന്നു പോയ യുവാവിനെ ക്രൂരമായി മർദിച്ച രണ്ടുപേര്‍ പിടിയില്‍. പന്തളം ചെന്നായിക്കുന്ന് സ്വദേശികളായ ഉണ്ണി (25), അരുൺ (25) എന്നിവരെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്‌തത്. പോരുവഴി സ്വദേശി മഹേഷ് (34) ആണ് മർദനത്തിനിരയായത്.

സംഭവത്തില്‍ രണ്ടാം പ്രതി ഒളിവിലാണ്. ഈ മാസം 12ന് രാത്രി 10.30നായിരുന്നു കേസിനാസ്‌പദമായ സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:അടൂർ ബസ് സ്റ്റാന്‍റിൽ രാത്രി 8.30 നെത്തിയ മഹേഷ്‌, ബസ്‌ കിട്ടാത്തതിനാൽ അടൂരിൽ നിന്നും കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ചെന്നായിക്കുന്ന് ഭാഗത്തെത്തിയപ്പോള്‍ കലുങ്കിൽ ഇരുന്ന മൂന്നുപേർ മഹേഷിനെ തടഞ്ഞ് ചോദ്യം ചെയ്‌തു.

ചെന്നായിക്കുന്നിലെ ആരെ അറിയാമെന്നായിരുന്നു ആദ്യം ചോദിച്ചത്. ജയക്കുട്ടൻ എന്നയാളെയും, വാര്‍ഡ് മെമ്പറെയും അറിയാമെന്ന് മറുപടി പറഞ്ഞപ്പോൾ ചെന്നായിക്കുന്നിലുള്ള സ്ത്രീയെ കാണാന്‍ വന്നതാണെന്ന് ആരോപിച്ച് മർദിച്ചു. തുടർന്ന് പ്രതികൾ ഇയാളെ ബൈക്കിൽ കയറ്റി ജയക്കുട്ടന്‍റെ വീടിന് സമീപം എത്തിച്ചശേഷം ഫോട്ടോ മൊബൈലിൽ പകർത്തി.

ഫോട്ടോ ജയക്കുട്ടനെ കാണിക്കുകയും തിരിച്ചുവന്ന് ദേഹോപദ്രവം തുടരുകയുമായിരുന്നു. ഹെൽമെറ്റ്‌ കൊണ്ട് തലയ്ക്കും മൂക്കിനും പുറത്തും അടിച്ച് താഴെയിട്ട ശേഷം ചവിട്ടുകയും, ഇടതുകൈ പിടിച്ചുതിരിക്കുകയും ചെയ്‌തു. പിന്നീട് ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മർദനം തുടർന്നു.

നിലവിളിച്ച യുവാവിനെ മർദനവിവരം മെമ്പറോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മര്‍ദനത്തില്‍ ഇടതുകാലിലും വലതുകൈ മുട്ടിലും വലത് കണ്ണിനും പരിക്കേറ്റിരുന്നു. മൂക്കിന്‍റെ പാലത്തിനും പൊട്ടലുമുണ്ടായി.

ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുകയും, ശനിയാഴ്‌ച ഉച്ചയോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. ഉണ്ണിയെ കൊടുമണിൽ നിന്നും അരുണിനെ അടൂർ സെൻട്രൽ ടോളിനടുത്തുവച്ചുമാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. ഉണ്ണിക്കെതിരെ കൊടുമൺ സ്റ്റേഷനിലെ മറ്റുരണ്ട് ദേഹോപദ്രവ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details