പത്തനംതിട്ട: സ്വകാര്യ മെഡിക്കൽ കോളജ് അടക്കം താലൂക്കിലെ രണ്ട് ആശുപത്രികളിലെ നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവല്ല കടുത്ത ആശങ്കയിൽ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കന്യാസ്ത്രീകളായ മൂന്ന് ജീവനക്കാർക്കും പരുമല സെന്‍റ് ഗ്രീഗോറിയോസ് ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഈ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റ് ജീവനക്കാർക്കിടയിലും ആശങ്ക വർധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കന്യാസ്ത്രീകൾ താമസിക്കുന്ന തുകലശേരി ഹോളി സ്പിരിറ്റ് കോൺവെന്‍റ് അടക്കുകയും ചെയ്തു.
കൊവിഡ് വ്യാപനം; തിരുവല്ല കടുത്ത ആശങ്കയിൽ - covid
സ്വകാര്യ മെഡിക്കൽ കോളജ് അടക്കം താലൂക്കിലെ രണ്ട് ആശുപത്രികളിലെ നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രദേശത്ത് ആശങ്ക ഉയരുന്നത്
35 കന്യാസ്ത്രീകളും അഞ്ച് ജോലിക്കാരും ഉൾപ്പെടെ നാൽപ്പതോളം പേരാണ് ഈ മഠത്തിൽ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്ന പുഷ്പഗിരി മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായ യുവതിക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരായ രണ്ട് കന്യാസ്ത്രീകൾക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാൾ സൈക്യാട്രി വാർഡിലെ കൗൺസിലറും മറ്റൊരാൾ കമ്യൂണിറ്റി സർവീസിലും ജോലി ചെയ്യുന്നവരാണ്. ഈ മൂന്ന് ജീവനക്കാരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട സെക്യാട്രി , പെയിൻ ആന്‍റ് പാലിയേറ്റീവ് വിഭാഗത്തിലെ ഡോക്ടറന്മാർ ഉൾപ്പടെയുള്ള 52 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ വാർഡുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ കാന്‍റീനുകളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. സമ്പർക്കപ്പട്ടികയിൽ നിലവിൽ ഉൾപ്പെട്ടതിനേക്കാൾ ഏറെ പേർ ഉണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ആശുപത്രി ഉൾപ്പെടുന്ന നഗരസഭയിലെ 14-ാം വാർഡും സമീപ പ്രദേശങ്ങളായ 19, 20 വാർഡുകളും കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. പരുമലയിലെ സെന്‍റ് ഗ്രിഗോറിയോസ് ആശുപത്രി കാന്‍റീൻ സ്റ്റോർ കീപ്പറായ യുവാവിനാണ് കൊവിഡ് സ്ഥിതീകരിച്ചത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ജീവനക്കാരനെ റാന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്കപട്ടിക ആരോഗ്യ വകുപ്പ് തയ്യറാക്കി വരികയാണ്. രോഗം സ്ഥിരീകരിച്ച ജീവനക്കാരനായ യുവാവ് ആശുപത്രി കാന്‍റീനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന ആളാണെന്നും പനി ബാധയുണ്ടായിട്ടും കാന്‍റീനിൽ ജോലി ചെയ്തതായി ലഭിച്ച വിവരത്തെത്തുടർന്ന് ആരോഗ്യ വിഭാഗം കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കൂടുതല്‍ പേര്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുമോ എന്ന സംശയവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. തിരുവല്ല രാമപുരം മാർക്കറ്റിലേക്ക് പച്ചക്കറിയുമായി എത്തിയ കമ്പം സ്വദേശിയായ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ച നഗരസഭയിലെ 22, 38 വാർഡുകൾ ഇപ്പോഴും കണ്ടൈൻമെന്‍റ് സോണായി തുടരുകയാണ്. ഇവിടെ നിന്നും ശേഖരിച്ച 24 പേരുടെ സ്രവ പരിശോധനാ ഫലങ്ങളിൽ 22 എണ്ണവും നെഗറ്റീവ് ആണ്.