പത്തനംതിട്ട:ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാല്‍ തിരുമൂലപുരം ശുദ്ധജല പദ്ധതിയുടെ പ്രവർത്തനം വൈകുന്നു. നഗരസഭയില ഉയർന്ന പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ജലവിതരണ വകുപ്പ് നിർമിക്കുന്ന പദ്ധതിയാണിത്. കിഫ്ബിയിൽ നിന്നുള്ള 58 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എംസി റോഡ് കുഴിച്ച് പൈപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് നൽകിയ അപേക്ഷ നാലു മാസമായിട്ടും തീരുമാനമാകാതെ കിടക്കുന്നതാണ് പദ്ധതിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കെ.എസ്.ടി.പി നിർമാണം പൂർത്തിയാക്കിയ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ കൊല്ലം - തേനി ദേശീയ പാതയുടെ ഭാഗമായി നാല് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പിൽ നിന്നും ദേശീയ പാത വിഭാഗം റോഡ് ഏറ്റെടുത്തു.
തിരുമൂലപുരം കുടിവെള്ള പദ്ധതിയുടെ അന്തിമഘട്ടം നീളുന്നു
ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തത് മൂലമാണ് പദ്ധതി നീളുന്നത്.
ചെങ്ങന്നൂർ - കോട്ടയം ഭാഗത്ത് പൂർത്തിയാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി കെ.എസ്.ടി.പി റോഡ് തിരികെ ആവശ്യപ്പെട്ടതിനാലാണ് റോഡ് കുഴിക്കാൻ അനുമതി നൽകാത്തതെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വാദം. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായ ജലസംഭരണിയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന പണികൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിന് റോഡിന്‍റെ ഒരു വശം മാത്രം കുഴിച്ചാൽ മതിയാകും. പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കാനായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും ജല വിതരണ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള ചർച്ച ഓണത്തിന് ശേഷം നടത്തുമെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.