പത്തനംതിട്ട:നാടക കലാകാരനെ മൈക്ക് സൂക്ഷിക്കുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടശേരിക്കര കുമ്പളാംപൊയ്‌ക മറ്റേക്കാട്ട് പടിഞ്ഞറ്റേതിൽ ബിനീഷിനെയാണ് (42) കുമ്പളാംപൊയ്‌ക റോയല്‍ സൗണ്ട്‌സ് എന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്ഥാപനത്തിൽ മൈക്ക് ഓപ്പറേറ്ററായും പ്രവർത്തിച്ചു വരികയായിരുന്നു ബിനീഷ്.
നാടക കലാകാരനെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി - നാടക കലാകാരൻ മരിച്ച നിലയിൽ
മൈക്ക് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് വടശേരിക്കര സ്വദേശി ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ ദുര്‍ഗന്ധം വമിച്ചതിന്‍റെ ഉറവിടം തേടി നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കടമുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്‌ചയാണ് ഇയാളെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മൈക്ക് ഓപ്പറേറ്റര്‍ ജോലിക്കൊപ്പം ചിത്രരചന മേഖലയിലും ബിനീഷ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. റാന്നി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാതാവും സഹോദരിയും അടങ്ങുന്നതാണ് മരിച്ച ബിനീഷിന്‍റെ കുടുംബം.