പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോന്നി താലൂക്കില്‍ അഞ്ച് ക്യാമ്പുകളിലായി 55 കുടുംബങ്ങളിലെ 153 പേരെയും, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 23 പേരെയും, തിരുവല്ല താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളിലെ 20 പേരെയും മാറ്റി പാര്‍പ്പിച്ചു. റാന്നിയില്‍ ഏഴ് ക്യാമ്പുകള്‍ തുറന്നു.
മഴ കനത്തു; പത്തനംതിട്ടയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെ തുടര്‍ന്ന് ജില്ലിയില്‍ 196 പേരാണ് 17 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. മൂന്നു നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നു
അടൂരിലും കോഴഞ്ചേരിയിലും നിലവില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ല. മൂന്നു നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നു. കല്ലേലി, കോന്നി എന്നിവിടങ്ങളില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകി. റാന്നിയില്‍ പമ്പയാറും കരകവിഞ്ഞിട്ടുണ്ട്. കാലവര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ അടൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 27 വീടുകള്‍ക്ക് ഭാഗികമായും നശിച്ചു. തിരുവല്ല താലൂക്കില്‍ 31-ഉം, മല്ലപ്പള്ളി താലൂക്കില്‍ നാലും കോഴഞ്ചേരി താലൂക്കില്‍ ഏഴും കോന്നി താലൂക്കില്‍ 20ഉം വീടുകള്‍ ഭാഗികമായി നശിച്ചു. ഓഗസ്റ്റ് നാലു മുതല്‍ മണിയാര്‍ ബാരേജിന്‍റെ അഞ്ച് ഷട്ടറുകളും ഓഗസ്റ്റ് ആറ് മുതല്‍ മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളുമാണ് തുറന്നിട്ടുള്ളത്.
കലക്‌ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഐആര്‍എസ് സംവിധാനത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.