പത്തനംതിട്ട:ഭക്തസാഗരത്തിന്‍റെ നടുവിൽ ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നാളെ (ഡിസംബർ 27) രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി(Thanga Angi For Lord Ayyappa Reaches Sabarimala).
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. ഇന്ന് (ഡിസംബർ 26 ) ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തി ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി.
എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ്, പോലീസ് അസിസ്റ്റന്‍റ് സ്‌പെഷൽ ഓഫീസർ സുരേഷ് ബാബു, വിജിലൻസ് സബ് ഇൻസ്‌പെക്ടർ ബിജു, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.