പത്തനംതിട്ട:വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്‍കാന്‍ 30 ദിവസം കാത്തിരിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ എ ഹക്കീം പറഞ്ഞു. പത്തനംതിട്ട കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്‍റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി ആയേക്കാവുന്ന വിവരങ്ങള്‍ 48 മണിക്കൂറിനകം അപേക്ഷകന് ലഭിച്ചിരിക്കണം. അല്ലാത്തവ പരമാവധി വേഗത്തില്‍ നല്‍കണമെന്നാണ് നിയമം. വിവരം ലഭ്യമാക്കാന്‍ തടസങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ പോലും 30 ദിവസത്തില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അത്തരം ഘട്ടത്തില്‍ ബന്ധപ്പെട്ട ഓഫിസര്‍ കാലതാമസത്തിനുള്ള കാരണം ബോധ്യപ്പെടുത്തണം. ഏത് അപേക്ഷ കിട്ടിയാലും 30 ദിവസം കഴിഞ്ഞ് മറുപടി മതിയെന്ന പതിവ് ധാരണ തെറ്റാണ്.
സംസ്ഥാന വിവരവകാശ കമ്മീഷണര്‍ എ എ ഹക്കീം വിവരവകാശ അപേക്ഷകരെ പബ്ലിക് ഓഫിസറും, ഒന്നാം അപ്പീല്‍ അധികാരിയും ഹിയറിംഗിനു വിളിക്കുന്നത് നിയമ വിരുദ്ധമാണ്. തന്നെ കൂടി കേള്‍ക്കണമെന്ന് അപേക്ഷകന്‍ ആവശ്യപ്പെട്ടാല്‍ ഒന്നാം അപ്പീല്‍ അധികാരികള്‍ അങ്ങനെ ചെയ്യുന്നതില്‍ വിരോധം ഇല്ല. വിവരാവകാശ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ ജനപക്ഷത്തു നിന്ന് കൈക്കൊള്ളണം. വിവരം നല്‍കുന്നതില്‍ ബോധപൂര്‍വം താമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്‌ച ഇല്ലാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായി ഫയല്‍ പഠിക്കാതെ വന്ന ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഫയലുമായി ഈ മാസം 24നു കമ്മീഷന്‍ ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കി. ഒരു വര്‍ഷം അപേക്ഷകന് മറുപടി നല്‍കാഞ്ഞ പത്തനംതിട്ട നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങള്‍ അന്വേഷിച്ച രണ്ട് അപേക്ഷകളില്‍ വിവരം നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ ഉത്തരവായി. ആകെ പരിഗണിച്ച 15 അപേക്ഷകളില്‍ 13 എണ്ണവും തീര്‍പ്പാക്കി.