പത്തനംതിട്ട : സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനെ (Security guard) പന്തളം നഗരത്തിലെ പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് (Murder) തെളിഞ്ഞു. പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ (Auto Driver) അറസ്‌റ്റ് ചെയ്‌തു. പന്തളം കടയ്‌ക്കാട് അടിമവീട്ടിൽ ദിൻഷാദ് (42) ആണ് അറസ്റ്റിലായത്.
ഈമാസം 20 ന് രാവിലെ 7.30 നാണ് പന്തളം (Pandalam) കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് ചിറ്റൂർ മേലേതിൽ വീട്ടിൽ അജി കെവി (48)യെ പന്തളം നഗരത്തിലെ കുറുന്തോട്ടയം പാലത്തിലെ നടപ്പാതയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് രാത്രി 10.30 ന് ശേഷമാണ് സംഭവം. പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ വീട്ടുകാർക്ക് പോലും സംശയമൊന്നും തോന്നിയിരുന്നില്ല.
ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയത് വഴിത്തിരിവ്: ഇൻക്വസ്റ്റിനിടെ പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ടിഡി പ്രജീഷിന് തോന്നിയ സംശയങ്ങൾ ഡോക്‌ടറോട് പങ്ക് വയ്‌ക്കുകയും തുടർന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയ്‌ക്കിടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി ഡോക്‌ടർ സംശയിക്കുകയും ചെയ്തതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഡോക്‌ടറുടെ അഭിപ്രായത്തെ തുടർന്ന് അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ പന്തളം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
മൂന്ന് ദിവസത്തിനിടെ സംഭവസ്ഥലത്തെയും പരിസരത്തുമുള്ള നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധിയാളുകളെ കണ്ട് അന്വേഷണം നടത്തുകയും ചെയ്‌തതിനെത്തുടർന്ന് പ്രതിയിലേക്ക് പൊലീസ് അതിവേഗം എത്തിച്ചേർന്നു. പന്തളം ടൗണിൽ നിന്നും ബാറിലേക്ക് ദിൻഷാദിന്‍റെ ഓട്ടോയിലാണ് അജി പോയത്. പിന്നീട് മദ്യപിച്ച ശേഷം തിരിച്ചെത്തിയ അജി ഡ്രൈവർക്ക് പണം കൊടുക്കാതിരുന്നത് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി.