പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് ജിഷ്‌ണു കോടതിയിൽ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതല്ല. ഒരു വര്‍ഷമായി ബിജെപിയുമായി ബന്ധമില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണെന്നും സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്‌തതാണെന്നും കേസിലെ ഒന്നാം പ്രതി ജിഷ്‌ണു കോടതിയിൽ പറഞ്ഞു.
പ്രതികൾ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ
കേസിലെ അഞ്ച് പ്രതികളെയും ഡിസംബർ 13 വരെ കോടതി പൊലീസ് കസ്റ്റഡില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണ് സാധ്യമായതെന്നും തെളിവെടുപ്പുകള്‍, കുറ്റസമ്മത മൊഴിക്ക് അടിസ്ഥാനമായ രേഖകളുടെ കണ്ടെത്തല്‍ എന്നിവ ബാക്കിയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് കോടതി എട്ട് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.