കേരളം

kerala

By

Published : Sep 9, 2019, 10:50 AM IST

ETV Bharat / state

ഓണനാളുകളിലെ പൂജ; ശബരിമല നട ഇന്ന് തുറക്കും

ഓണ പൂജകൾക്ക് ശേഷം 13 ന് രാത്രി 10 മണിക്ക് മേൽശാന്തി ഹരിവരാസനം പാടി നട അടക്കും

ഓണനാളുകളിലെ പൂജ: ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട:ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തിരുവോണ ദിവസമായ 11ന് ശബരിമലയിൽ ഭക്തർക്ക് ഓണ സദ്യ വിളമ്പും. അഞ്ച് മണിക്ക് ശബരിമല മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് വിഗ്രഹത്തിന് മുന്നിലെ നെയ് വിളക്ക് തെളിയിച്ച് ഭക്തരുടെ സാന്നിധ്യം ഭഗവാനെ അറിയിക്കും. തുടർന്ന് ഉപദേവതാ സ്ഥാനങ്ങളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടി ഇറങ്ങി തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിക്കും. ഇന്ന് മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കുന്നതല്ല.

ഉത്രാട ദിനമായ നാളെ നിർമ്മാല്യ ദർശനത്തിനും നെയ്യഭിഷേകത്തിനും ശേഷം പുലർച്ചെ 5.15 ന് മഹാഗണപതി ഹോമം, 7.30 ന് ഉഷപൂജ എന്നീ ചടങ്ങുകൾ നടക്കും. തിരുവോണ ദിവസത്തിലും പതിവ് പൂജകൾ നടക്കും. തിരുവോണ ദർശനത്തിനായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡ് ഓണസദ്യ ഒരുക്കും. ഓണക്കാല പൂജകൾക്ക് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. ഓണ പൂജകൾക്ക് ശേഷം 13 ന് രാത്രി 10 മണിക്ക് മേൽശാന്തി ഹരിവരാസനം പാടി നട അടക്കും. തുടർന്ന് കന്നിമാസത്തിലെ പൂജകൾക്കായി 16 ന് നട തുറക്കും. കന്നിമാസ പൂജകൾക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകൾക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും.

ABOUT THE AUTHOR

...view details