പത്തനംതിട്ട :ശബരിമലയില്‍ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും (Sabarimala Thiruvabharanam Procession 2024). ഇതിനു തുടക്കം കുറിച്ച് പന്തളം കൊട്ടാരത്തിലെ സുരക്ഷിത മുറിയ്ക്ക് പുറത്തു സൂക്ഷിച്ചിരുന്ന തിരുവഭരണ പേടകങ്ങൾ ഇന്ന് രാവിലെ 7 ന് കൊട്ടാര മുറ്റത്തു ഒരുക്കിയ പ്രത്യേക പന്തലിലേക്ക് പേടക വാഹക സംഘം എത്തിച്ചു. ഇവിടെ പേടകങ്ങൾ കണ്ട് തൊഴാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പേടകങ്ങൾ തുറന്നുള്ള ദർശനം ഇല്ല. ഇന്ന് ഉച്ചയ്ക്ക് 12.45 ന് മേൽശാന്തി നീരാജനവും കർപ്പൂരാഴിയും ഉഴിയുന്നതോടെ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15നു വൈകിട്ട് സന്നിധാനത്ത് എത്തും. രാജ കുടുംബാംഗം മരിച്ചതിനാല്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തിലും പന്തളം കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകള്‍ ഉണ്ടാകില്ല.
രാജ പ്രതിനിധി ഘോഷയാത്രയെ അനുഗമിക്കുന്നതും ഇത്തവണയില്ല. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല. ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുന്ന ഘോഷയാത്രയെ പന്തളം മണികണ്‌ഠൻ ആൽത്തറയിൽ അയ്യപ്പ സേവ സംഘം സ്വീകരിക്കും. തിരുവഭരണ പെട്ടി തുറന്നുള്ള ആദ്യ ദർശനം കുളനട ദേവി ക്ഷേത്രത്തിലാകും.
അസിസ്റ്റന്‍റ് കമാൻഡന്‍ഡ് എംസി ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സംഘവും ബോംബ് സ്‌ക്വാഡും തിരുവഭാരണ ഘോഷയാത്രയെ അനുഗമിച്ചു സുരക്ഷ ഒരുക്കും. തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാദമി റീജിയണല്‍ ഡയറക്‌ടര്‍ എം ജി രാജേഷ്, അടൂര്‍ സ്റ്റേഷൻ ഓഫിസര്‍ വി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള 17 അംഗ സംഘവും തിരുവാഭരണ ഘോഷയാത്രയ്‌ക്ക് ഒപ്പമുണ്ടാകും.
ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളും സമയവും:ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം നിന്ന് പുറപ്പെടും. പന്തളം മണികണ്‌ഠൻ ആൽത്തറയിൽ അയ്യപ്പ സേവ സംഘം സ്വീകരണം. 1.30ന് കൈപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, 2ന് കുളനട ഭഗവതി ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിന് തുറക്കും.
2.15ന് കൈപ്പുഴ ഗുരുമന്ദിരം, മുടപ്പന വഴി 2.30ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലെത്തി തുറക്കും. 3.15ന് കരിയറപ്പടി, പറയങ്കര, തവിട്ടുപൊയ്‌ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തില്‍ തുറക്കും. തുടര്‍ന്ന് തവിട്ടുപൊയ്‌കയില്‍ തിരിച്ചെത്തി കൂടുവെട്ടിക്കല്‍ വഴി കാവുംപടി ക്ഷേത്രം.