പത്തനംതിട്ട : മണ്ഡലപൂജയ്‌ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താവിന് ചാർത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തി. ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ചാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികൾ വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറന്നശേഷം 5.15 ഓടെ അയ്യപ്പ സന്നിധിയിൽ നിന്ന് തന്ത്രി പൂജിച്ചുനൽകുന്ന പ്രത്യേക ഹാരങ്ങളും അണിഞ്ഞ് ശരണം വിളികളുമായി ശരംകുത്തിയിൽ എത്തിച്ചേർന്നു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ. ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ് തുടങ്ങിയവർ ചേർന്ന് പതിനെട്ടാംപടിക്ക് മുകളിലായി കൊടിമരത്തിന് മുന്നിൽ ഘോഷയാത്രയായി കൊണ്ടുവന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. തുടർന്ന് തങ്കയങ്കി സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടന്നു.