പത്തനംതിട്ട: കൊവിഡ് ആശങ്കയ്ക്കിടെ ശബരിമല ദര്‍ശനത്തിന്‍റെ മണ്ഡല-മകരവിളക്ക് കാലത്തിന് തുടക്കം. സമഭാവനയുടെ ശരണമന്ത്രങ്ങള്‍ മുഴക്കി വ്രതശുദ്ധിയോടെ ശബരീശ സന്നിധിയിലെത്തുന്ന ഓരോ തീര്‍ഥാടകനെയും കാത്തിരിക്കുന്നത് പതിവ് തെറ്റിയുള്ള അനുഭവങ്ങള്‍. സ്വന്തം ആരോഗ്യ സംരക്ഷണത്തിനൊപ്പം സഹതീര്‍ഥാടകരെയും പരിഗണിക്കേണ്ട വിധത്തില്‍ ഒട്ടേറെ കൊവിഡ് നിയന്ത്രണ-മാര്‍ഗ നിര്‍ദേശങ്ങളാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് വെച്ചിരിക്കുന്നത്.
മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ ദര്‍ശനാനുമതി. ബുക്ക് ചെയ്ത രേഖയുടെ പകര്‍പ്പിനൊപ്പം മലകയറാന്‍ പ്രാപ്തരാണെന്ന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണം. പ്രതിദിനം ആയിരം പേര്‍ക്ക് മാത്രമാണ് അനുവാദം. വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും മണ്ഡലപൂജ-മകര വിളക്ക് ദിവസങ്ങളില്‍ 5000 തീര്‍ഥാടകര്‍ക്കും മലകയറാം. 10 വയസിന് താഴെയും 60 വയസിന് മുകളിലുള്ളവര്‍ക്കും ഇത്തവണ അനുമതിയില്ല. 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇത്തവണ തീര്‍ഥാടകര്‍ക്ക് പമ്പ വഴി മാത്രമാണ് പ്രവേശനം. കാനനപാതകളിലൂടെ യാത്രക്ക് അനുമതിയില്ല. മല കയറുമ്പോള്‍ മാസ്ക് നിര്‍ബന്ധമല്ല. തീര്‍ഥാടകര്‍ക്ക് പമ്പ സ്നാനത്തിനും ഇത്തവണ വിലക്കുണ്ട്. മണപ്പുറത്ത് ഷവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്‍റെ ശുചിമുറികള്‍ പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സജ്ജമാണ്. നെയ്യഭിഷേകം നേരിട്ട് നടത്തുന്നതില്‍ വിലക്കുള്ളതിനാല്‍ നെയ്‌തേങ്ങ ദേവസ്വം ബോര്‍ഡ് കൗണ്ടറില്‍ നല്‍കാം. സന്നിധാനത്ത് വിരി വയ്ക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞാലുടന്‍ മലയിറങ്ങണം. കൊവിഡ് ടെസ്റ്റിന് വിധേയരായ ചുമട്ടുകാരുടെ സൗകര്യം ലഭ്യമായതിനാല്‍ ഡോളി സര്‍വീസിന് മുടക്കില്ല.