പത്തനംതിട്ട : മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്‌ത ക്ഷേത്രനട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ജൂണ്‍ 15 മുതല്‍ 20 വരെ നട തുറന്നിരിക്കും.
ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവത ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്‍ വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
മേല്‍ശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. നട തുറക്കുന്ന 15-ാം തീയതി ശബരിമല അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.
മിഥുനം ഒന്നായ ജൂണ്‍ 16ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതി ഹോമവും തുടര്‍ന്ന് നെയ്യഭിഷേകവും ആരംഭിക്കും. 7.30 ന് ഉഷപൂജ. 12.30 ന് ഉച്ചപൂജ. ക്ഷേത്ര തിരുനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉഷ പൂജയ്ക്ക് ശേഷം 8 മണി മുതല്‍ മാത്രമേ കുട്ടികള്‍ക്ക് ചോറൂണ് നടക്കുകയുള്ളൂ.
ജൂണ്‍ 16 മുതല്‍ 20 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്‌തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം 5 മണിക്കാണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട 20ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കര്‍ക്കടക മാസ പൂജകള്‍ക്കായി ക്ഷേത്രനട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 16 മുതല്‍ 21 വരെ നട തുറന്നിരിക്കും.
ഇ - കാണിക്ക : അതേസമയം ശബരിമലയിൽ ഭക്തർക്കായി ഇ കാണിക്ക സൗകര്യവും അടുത്തിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ഇനി മുതൽ ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും ഭക്തര്‍ക്ക് കാണിക്ക സമർപ്പിക്കാവുന്നതാണ്.
ALSO READ :അയ്യപ്പനുള്ള കാണിയ്‌ക്ക ഇനി ഓണ്‍ലൈന്‍ ആയും സമര്‍പ്പിക്കാം; ശബരിമലയില്‍ ഇ-കാണിക്ക സൗകര്യവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ഇ-കാണിക്ക സംവിധാനം നടപ്പിലാക്കിയതോടെ അയ്യപ്പ ഭക്തർക്ക് ലോകത്ത് എവിടെ നിന്നും കാണിക്ക നല്‍കാമെന്നതിനാൽ ഈ ഇനത്തിലുള്ള വരുമാനത്തിൽ വലിയ വർധനവുണ്ടാകുമെന്നും ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നുണ്ട്.