പത്തനംതിട്ട :മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്രനട നവംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും.
പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകരും. ഇതോടെ നടപ്പന്തലില്‍ നിന്നും ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്തി തുടങ്ങാം. ഇതിന് ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.
നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങുകളും 16ന് വൈകിട്ട് നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിന് മുന്നിലേയ്ക്ക് ആനയിക്കും.