പത്തനംതിട്ട: ഉത്രം ഉൽസവ പൂജകള്‍ക്ക് വേണ്ടി ശബരിമല ശ്രീ ധര്‍മ്മശാസ്‌ത ക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കുക. തുടര്‍ന്ന് മേല്‍ശാന്തി കെ ജയരാമന്‍ ഗണപതി, നാഗർ എന്നീ ഉപദേവത ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിക്കും.
ഇതിന് പിന്നാലെ ആയിരിക്കും പതിനെട്ടാം പടിക്ക് മുന്‍വശത്തുള്ള ആഴിയില്‍ അഗ്നി പകരുന്നത്. തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ക്ക് വിഭൂതി പ്രസാദം തന്ത്രി കണ്‌ഠരര് രാജീവര് വിതരണം ചെയ്യും. മേല്‍ശാന്തി വി ഹരിഹരൻ നമ്പൂതിരിയാണ് തുറന്ന് മാളികപ്പുറം ക്ഷേത്ര നട വിളക്ക് തെളിക്കുന്നത്.
ഉത്സവത്തിന് മുന്നോടിയായി ചെയ്യുന്ന ശുദ്ധി പൂജകളും ഇന്ന് നടക്കും. വൈകുന്നേരം ആറ് മണിയോടെയാണ് ഈ പൂജകള്‍. നട തുറക്കുന്ന ദിവസമായ ഇന്ന് മറ്റ് പൂജകളൊന്നും ഉണ്ടായിരിക്കില്ല.
കൊടിയേറ്റം നാളെ: ഉത്രം ഉത്സവത്തിന് ശബരിമലയില്‍ നാളെയാണ് കൊടിയേറുന്നത്. കൊടിയേറ്റ് ദിവസം രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തിരുനട തുറക്കും. ഇതിന് പിന്നാലെ തന്നെ നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകങ്ങളും നടക്കും. പുലര്‍ച്ചെ 5.30 മുതലാണ് മഹാഗണപതി ഹോമം നടക്കുന്നത്.
തുടര്‍ന്ന് ഏഴ് മണിവരെ നെയ്യഭിഷേകം നടക്കും. രാവിലെ 7.30 നാണ് ഉഷപൂജ. 9.45 നും 10.45നും ഇടയ്‌ക്കുള്ള സമയത്താണ് കൊടിയേറ്റം. ഇതിന് പിന്നാലെ 12.30ന് കലശപൂജയും തുടര്‍ന്ന് ഉച്ചപൂജയും നടക്കും. ഒരു മണിക്ക് നടയടച്ച് വീണ്ടും അഞ്ച് മണിക്ക് തുറക്കും.