പത്തനംതിട്ട : പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിച്ചു.
തുടർന്ന് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. 6 മണിമുതല്‍ 7.30 വരെ പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു. കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും ഇന്ന് നടന്നു.
ഉത്സവ കൊടിയേറ്റ് ദിനമായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് പതിവ് അഭിഷേകവും മറ്റ് പൂജകളും നടക്കും. തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആണ് തിരുവുത്സവ കൊടിയേറ്റ്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും.