പത്തനംതിട്ട: ശബരിമലയെ ഭക്തിസാന്ദ്രമാക്കി മണ്ഡലകാല മഹോത്സവം. ഹരിതാഭ നിറയുന്ന കാനന മുകളിൽ മന്ത്രധ്വനികളുയരുകയാണ്. ശ്രുതിയും താളവും നിറഞ്ഞൊഴുകുന്ന ശരണ മന്ത്രങ്ങൾ സന്നിധാനത്തെ ഏറെ ഭക്തിസാന്ദ്രമാക്കി. ഭക്ത മാനസങ്ങളിൽ കളഭ സുഗന്ധം നിറച്ച് സന്നിധാനം തഴുകുന്ന കുളിർ കാറ്റ് ഭക്തരെ ഉള്‍പുളകം കൊളിക്കുന്നു. ഭക്തരുടെ ഉള്ളുണർത്തി ഇടയ്ക്കിടെ മുഴങ്ങുന്ന മണി നാദം അത് കേൾക്കെ ലക്ഷങ്ങൾ ഒന്നായി ഓതുന്നതൊരേ മന്ത്രം... സ്വാമിയേ ശരണമയ്യപ്പ.
മണ്ഡലകാല മഹോത്സവത്തിന് ആയിരക്കണക്കിനാളുകളാണ് ഇരുമുടി കെട്ടുകളുമായി മലകയറുന്നത്. ജനങ്ങള്‍ അധികം എത്തുന്നത് കൊണ്ടും ശക്തമായി മഴ സാധ്യത നിലനില്‍ക്കുന്നത് കൊണ്ടും ശബരിമലയിലും സന്നിധാനത്തും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ശബരിമലയിലേക്കുള്ള യാത്രയില്‍ ഭക്തര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ശബരിമല മേല്‍ശാന്തി പിഎന്‍ മഹേഷും മാളികപ്പുറം മേല്‍ശാന്തി പി.ജി മുരളിയും പറഞ്ഞു.
ഭക്തജനങ്ങള്‍ക്ക് മേല്‍ശാന്തിമാരുടെ നിര്‍ദേശം:മണ്ഡലകാല മഹോത്സവം നടന്നുവരുന്ന ശബരിമലയില്‍ ആയിര കണക്കിന് ഭക്തരാണ് എത്തുന്നത്. അതുകൊണ്ട് ഭക്ത ജനങ്ങള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശബരിമല മേല്‍ശാന്തി പിഎന്‍ മഹേഷ് പറഞ്ഞു. പ്ലാസ്‌റ്റിക് സാധനങ്ങള്‍ കഴിവതും ഒഴിവാക്കി വേണം ഭക്തര്‍ മലകയറാനെന്നും അവനവന്‍ കൊണ്ടുവരുന്ന പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ സ്വന്തമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.