പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.
പ്രതിഷ്ഠാദിനം: ശബരിമല ക്ഷേത്രനട തുറന്നു
വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.
തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷമായിരുന്നു ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പടികയറി ദർശനം നടത്താൻ അനുവദിച്ചത്. നട തുറന്ന ഇന്ന് പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. നാളെ പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകം. 5.15ന് മഹാഗണപതി ഹോമവും ആരംഭിക്കും. 7.30 ന് അത്താഴപൂജയ്ക്ക് ശേഷം പ്രതിഷ്ഠാ വാർഷിക ദിന പൂജകൾ നടത്തും.
സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവയും പ്രതിഷ്ഠാദിനത്തിൽ അയ്യപ്പസന്നിധിയിൽ നടക്കും. വൈകുന്നേരം 6.30 ന് ദീപാരാധന. രാത്രി 9.20ന് അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.