പത്തനംതിട്ട: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശബരിമല റോപ്‌വേ പബ്ലിക് ഹിയറിങ് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിച്ചു. റോപ്‌വേ നിര്‍മാണത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് കമ്പനി ഉത്തരം നല്‍കി. ചോദ്യോത്തരങ്ങള്‍ സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റ് ഇംപാക്ട് അതോറിറ്റി പരിശോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ട്രാക്ടര്‍ ശബ്ദ മലിനീകരണത്തെക്കുറിച്ചും, പ്രളയബാധിത പ്രദേശമായ പമ്പയിലും കമ്പനി പഠനം നടത്തും. കോര്‍പ്പറേറ്റ് എന്‍വയോണ്‍മെന്‍റ് റെസ്പോണ്‍സിബിളിറ്റിയുടെ ഭാഗമായി രണ്ട് ശതമാനം തുക ഉപയോഗിച്ച് അട്ടത്തോട്ടില്‍ കുടിവെള്ള പദ്ധതി നടപ്പാക്കും. ആദിവാസി യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഓപ്പറേറ്റര്‍ ജോലി നല്‍കും.
ശബരിമല റോപ്‌വേ; പബ്ലിക് ഹിയറിങ് നടന്നു
റോപ്‌വേ നിര്‍മാണത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് കമ്പനി ഉത്തരം നല്‍കി
ആനത്താര, മൃഗങ്ങള്‍ അധികമായി വരുന്ന സ്ഥലങ്ങള്‍ എന്നിവ സംരക്ഷിച്ചാവും റോപ്‌വേ നിര്‍മിക്കുക. 2.7 കിലോമീറ്റര്‍ ദൂരത്തില്‍ 19 തൂണുകളാണ് റോപ്‌വേക്കായി നിര്‍മിക്കുക. 250 മരങ്ങള്‍ തൂണ്‍ നിര്‍മാണത്തിനായി മുറിക്കേണ്ടിവരും. മുറിക്കുന്ന മരങ്ങള്‍ക്ക് പകരമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഒന്നിന് പത്ത് എന്ന തരത്തില്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
ഹില്‍ടോപ്പ് കെഎസ്ഇബി സബ് സ്റ്റേഷന് സമീപം മുതല്‍ സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെയാണ് റോപ്‌വേ നിര്‍മിക്കുക. അഞ്ച് ഹെക്ടര്‍ സ്ഥലത്താണ് ചരക്ക് നീക്കത്തിനായി റോപ്‌വേ സ്ഥാപിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് എയ്റ്റീന്ത് സ്റ്റെപ്പ് ദാമോദര്‍ കേബിള്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡാണ്. പാരിസ്ഥിതിക പഠനം നടത്തിയത് പെര്‍ഫാക്ടോ എന്‍വൈറോ സൊല്യൂഷന്‍ പ്രൈവറ്റ് കമ്പനിയാണ്.