പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് വൈകിട്ട് 5 ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് കർമങ്ങൾ നിർവഹിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഉണ്ടാവില്ല.
തുലാമാസം ഒന്നായ 17ന് രാവിലെ 5ന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. മേല്‍ശാന്തി നറുക്കെടുപ്പിനായി 9 പേരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക.
തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. 9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷമാണ് മേല്‍ശാന്തിമാരുടെ കാലാവധി.