പത്തനംതിട്ട :Sabarimala Pilgrim Dies : ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ആന്ധ്ര സ്വദേശിയായ തീര്‍ഥാടകന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ഗുണ്ടൂര്‍ രുക്‌മിണിപുരം സ്വദേശി ശ്രീനിവാസ റാവു (35) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12.15 നാണ് സംഭവം.
ദർശനം കഴിഞ്ഞ് മലയിറങ്ങിയ 17 അംഗ സംഘത്തോടൊപ്പം ചെങ്ങന്നൂരില്‍ എത്തി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്ന വഴി ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആര്‍.പി.എഫിന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ALSO READ:Coonoor Helicopter Crash : സൈനികരുടെ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
ഗുരുസ്വാമി ടി.ഗോവിന്ദയ്യയുടെ നേതൃത്വത്തിലുള്ള 17 അംഗ അയ്യപ്പ സംഘം ഇക്കഴിഞ്ഞ 7നാണ് ആന്ധ്രയില്‍ നിന്ന് പുറപ്പെട്ടത്. 8ന് ചെങ്ങന്നൂരില്‍ എത്തിയ സംഘം ശബരിമല ദര്‍ശനം നടത്തി മടങ്ങി വരുമ്പോഴാണ് സംഭവം. മരിച്ച ശ്രീനിവാസ റാവു കര്‍ഷകനാണ്.
വിവരം അറിഞ്ഞ് ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു, ആര്‍.പി.എഫ് സി.ഐ രാജേഷ്, എസ്.ഐ ആര്‍.ഗിരികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അയ്യപ്പ സേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അഡ്വ. ഡി.വിജയുമാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചു.