പത്തനംതിട്ട:ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകാന്‍ മികച്ച സംവിധാനം. മല കയറിയെത്തുന്ന ഭക്തര്‍ക്ക് ഏത് അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ആശുപത്രിയില്‍ സജീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഐസിയു, വെന്‍റിലേറ്റര്‍, ഇസിജി, ഓക്‌സിജന്‍, എക്‌സറേ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാമ്പ്-പേവിഷ ബാധ എന്നിവയ്ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളും ആശുപത്രിയില്‍ ലഭ്യമാണ്.
സന്നിധാനത്ത് മികച്ച ആരോഗ്യ സേവനങ്ങളൊരുക്കി സര്‍ക്കാര്‍ ആശുപത്രി ശബരിമല നോഡല്‍ ഓഫിസര്‍ ഡോ. ഇ. പ്രശോഭിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് കുരുവിളയാണ് സന്നിധാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവന സന്നദ്ധരായി 60 ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഇതില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററിലെ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലായി കാര്‍ഡിയോളജി, പള്‍മനോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, അനസ്‌തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. സന്നിധാനത്തിന് പുറമെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രികളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയാക് സെന്‍ററുകളും തുറന്നിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്.
സന്നിധാനം ആശുപത്രിക്ക് കീഴിലായി പാണ്ടിത്താവളം, മരക്കൂട്ടം, ക്യൂ കോംപ്ലക്‌സ്, ശരംകുത്തി, വാവര് നട എന്നിവിടങ്ങളിലായി അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളും മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ച് വരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരെ കൂടാതെ പാരാമെഡിക്കല്‍ സ്റ്റാഫ്, നഴ്‌സിങ് ഓഫിസര്‍, നഴ്‌സിങ് അസിസ്റ്റന്‍റ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍ തുടങ്ങിയവരുടെ സേവനവും ആശുപത്രിയില്‍ ആവശ്യത്തിന് ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ വനം വകുപ്പിന്‍റെയും, ദേവസ്വം ബോര്‍ഡിന്‍റെയും രണ്ട് ആംബുലന്‍സുകളുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ആംബുലന്‍സ് സര്‍വീസ്. സന്നിധാനത്തും ചരല്‍കുന്നിലുമാണ് ഓഫ് റോഡ് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുടെ സേവനവും ലഭ്യമാണ്. പൊതുജനാരോഗ്യ കാര്യങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം അരവണ ഫുഡ് പ്ലാന്‍റിന്‍റെയും സന്നിധാനത്തെ മറ്റിടങ്ങളിലെയും സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും, ഹോട്ടല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് പരിശോധന, ഭക്ഷ്യസുരക്ഷ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം എന്നിവയും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്നു.