പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരുടെ (Sabarimala Devotees) ആരോഗ്യ സംരക്ഷണത്തിനായി (Health Care) സന്നിധാനത്തെയും പമ്പയിലെയും ചികിത്സാകേന്ദ്രങ്ങളില്‍ ആയുർവേദവും (Ayurveda Treatment center In Pampa). 14 പേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരാണ്, ആയുര്‍വേദ വകുപ്പിന്‍റെ കീഴിലുള്ള ഈ കേന്ദ്രത്തിലുള്ളത്. അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റ്, മൂന്ന് അറ്റന്‍ഡര്‍മാര്‍, രണ്ട് തെറാപ്പിസ്റ്റ്, ഒരു സ്വീപ്പര്‍ എന്നിവരാണ് ഇവിടെയുള്ളത്.
പ്രതിദിനം 200 പേര്‍ ചികിത്സയ്‌ക്കെത്തുന്നു
നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം ലഭ്യമാണ്. ഗുളിക, അരിഷ്ടം, ലേഹ്യം, പൊടികള്‍, സിറപ്പ്, പേറ്റന്‍റുള്ള മരുന്നുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ശരാശി 200 പേര്‍ പ്രതിദിനം ആയുര്‍വേദ ചികിത്സയ്‌ക്ക് എത്തുന്നുണ്ടെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. പനി, തൊണ്ടവേദന, പേശി വേദന, തോള്‍വേദന, ഗ്യാസ്ട്രബിള്‍, എരിച്ചില്‍, ദഹനക്കേട് തുടങ്ങിയവയാണ് സാധാരണയായി ഭക്തരില്‍ കണ്ടുവരുന്നത്.
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നതും ആയുര്‍വേദ ആശുപത്രിയെയാണ്. ഭാരതീയ ചികിത്സാവകുപ്പും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി തീര്‍ഥാടകര്‍ക്ക് പ്രതിരോധശക്തിക്കുള്ള കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാവകുപ്പ് നടപ്പാക്കിയ പ്രതിരോധ പദ്ധതി പ്രകാരം ഷഡംഗം ചൂര്‍ണം, അപരാജിത ധൂപം എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ഡ്യൂട്ടി ഓഫിസര്‍ പറഞ്ഞു.