കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തിൽ കർശന നടപടിയെന്ന് റവന്യു മന്ത്രി കെ രാജൻ. 60 ജീവനക്കാരുള്ള ഓഫിസിലെ 20 ജീവനക്കാർ അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയതായും 19 പേര്‍ അനധികൃത അവധിയിലാണെന്നുമാണ് റിപ്പോർട്ട്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തിയിട്ടില്ല.
സംഭവം പുറത്തറിഞ്ഞതോടെ കെയു ജനീഷ് കുമാർ എംഎൽഎ ഓഫിസിലെത്തി അന്വേഷണം നടത്തി. എംഎൽഎ രജിസ്‌റ്റർ പരിശോധിക്കുകയും ഡെപ്യൂട്ടി തഹസിൽദാര്‍മാരോട് കാര്യങ്ങൾ ആരായുകയും ചെയ്‌തു. തുടർന്ന് എംഎൽഎ റവന്യു മന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു.
കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്നും സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പത്തനംതിട്ട ജില്ല കലക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക റിപ്പോർട്ട് ഇന്ന് (19.02.2023) തന്നെ നൽകണമെന്നും വിശദമായ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം നൽകണമെന്നും മന്ത്രി ജില്ല കലക്‌ടർക്ക് നിർദേശം നൽകി.
വിശദമായ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 60 ജീവനക്കാരുള്ള ഓഫിസില്‍ 21 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39 പേര്‍ അവധിയിലാണ്. ഇതില്‍ 19 പേര്‍ മാത്രമേ അവധിക്ക് അപേക്ഷിച്ചിട്ടുള്ളു.
ജീവനക്കാർ കൂട്ടഅവധി എടുത്തതോടെ ദുരിതത്തിലായത് വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തിയ ജനങ്ങളാണ്. മലയോര മേഖലകളിൽനിന്ന് ഉൾപ്പെടെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തി മണിക്കൂറുകൾ കാത്തിരുന്ന ശേഷം മടങ്ങുകയായിരുന്നു. ജീവനക്കാരുടെ കൂട്ട അവധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റവന്യു ഓഫിസ് ഉപരോധിച്ചു.