പത്തനംതിട്ട: നാട് മഹാമാരിയെ നേരിടുമ്പോൾ പങ്കജാക്ഷി ടീച്ചർക്ക് വെറുതെ ഇരിക്കാനാകില്ല. 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാൻ ടീച്ചർ തീരുമാനിച്ചു. ആ സമയത്താണ് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ചില അധ്യാപകർ കത്തിച്ചത്. അതോടെ ടീച്ചർ തീരുമാനം മാറ്റി. 25,000 ത്തിന് പകരം ഒരു ലക്ഷം നല്‍കാൻ റിട്ടയേഡ് അധ്യാപികയായും തിരുവല്ല തിരുമൂലപുരം കളരിക്കൽ പരേതനായ കെ.എൻ ഗംഗാധര പണിക്കരുടെ ഭാര്യയുമായ വി.കെ പങ്കജാക്ഷി തീരുമാനിച്ചു. പെൻഷൻ തുകയില്‍ നിന്നാണ് ഒരു ലക്ഷം രൂപ ടീച്ചർ കണ്ടെത്തിയത്. മാത്യു ടി തോമസ് എംഎല്‍എയ്ക്ക് തുക കൈമാറി.
ഈ നാടിനൊപ്പം പങ്കജാക്ഷി ടീച്ചറും: ലക്ഷത്തിന്‍റെ പകിട്ടാണ് ഈ മനസ് - സംഭാവന
ആറ് ദിവസത്തെ ശമ്പളം താത്ക്കാലികമായി പിടിക്കാനുള്ള സർക്കാർ ഉത്തരവ് ചെറുപ്പക്കാരായ അധ്യാപകർ കത്തിച്ചതിലുള്ള പ്രതിഷേധമായാണ് ഒരു ലക്ഷം രൂപ നല്‍കാൻ തീരുമാനിച്ചതെന്ന് കുറ്റൂർ ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായിരുന്ന പങ്കജാക്ഷി പറയുന്നു.
ആറ് ദിവസത്തെ ശമ്പളം താത്ക്കാലികമായി പിടിക്കാനുള്ള സർക്കാർ ഉത്തരവ് ചെറുപ്പക്കാരായ അധ്യാപകർ കത്തിച്ചതിലുള്ള പ്രതിഷേധമായാണ് ഒരു ലക്ഷം രൂപ നല്‍കാൻ തീരുമാനിച്ചതെന്ന് കുറ്റൂർ ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായിരുന്ന പങ്കജാക്ഷി പറയുന്നു. കുട്ടികള്‍ക്ക് നേർവഴി കാട്ടേണ്ട അധ്യാപകരിൽ ചിലർ ഉത്തരവ് കത്തിച്ചതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. അവർ അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും ടീച്ചർ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ പ്രളയ കാലത്തും ടീച്ചർ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. വർഷങ്ങളായി നടന്നു വരുന്ന തിരുമൂലപുരം സീമെൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ മുഖ്യ സ്പോൺസർ കൂടിയാണ് ടീച്ചർ.