നവീകരിച്ച കമ്മ്യൂണിറ്റി ഹാളും സൗരോര്‍ജ്ജ വേലിയും ഉദ്ഘാടനം ചെയ്‌തു
കമ്മ്യൂണിറ്റി ഹാളിന്‍റെ നവീകരണത്തിനായി 6,20,000 രൂപയും സൗരോര്‍ജ വേലി നിര്‍മിക്കാന്‍ 3,98,000 രൂപയുമാണ് വിനിയോഗിച്ചത്
പത്തനംതിട്ട: അട്ടത്തോട്ടില്‍ നവീകരിച്ച കമ്മ്യൂണിറ്റി ഹാളും സൗരോര്‍ജ്ജ വേലിയും രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു. സര്‍ക്കാര്‍ 130 കോടി രൂപ അനുവദിച്ച നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ അട്ടത്തോട്, തുലാപ്പള്ളി, ളാഹ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് രാജു എബ്രഹാം പറഞ്ഞു. കമ്മ്യൂണിറ്റി ഹാളിന്‍റെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാരിന്‍റെ 6,20,000 രൂപയാണ് ചെലവഴിച്ചത്. കൃഷിഭൂമിയില്‍ വന്യജീവി അക്രമണം തടയാന്‍ രണ്ടര കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിക്കാനായി 3,98,000 രൂപയുടെ ഫണ്ടും വിനിയോഗിച്ചു. പെരുന്നാട് ഗ്രാമപഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടന്ന കാട്ടു തീ പ്രതിരോധ ബോധവല്‍കരണ ക്ലാസിന് പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ അജയഘോഷ് നേതൃത്വം നല്‍കി.