മഴ പെയ്താൽ തോടാകും ഈ വില്ലേജ് ഓഫീസ് - റാന്നി
മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
റാന്നി : മഴ പെയ്താൽ ദുരിതകയത്തിലാവും റാന്നിയിലെ പഴവങ്ങാടി വില്ലേജ് ഓഫീസ്. വേനൽ മഴ പെയ്താല്‍ ആനമലയിൽ നിന്നുള്ള വെള്ളം വില്ലേജ് ഓഫീസ് പരിസരത്തേക്ക് ഒഴുകിയെത്തുകയും റോഡ് പൂർണമായി അടയുകയും ചെയ്യുന്നതോടെയാണ് അധികൃതരും നാട്ടുകാരും ഒരുപോലെ ദുരിതത്തിലാവുന്നത്. മാലിന്യങ്ങൾ ഒഴുകിയെത്തി റോഡിന് സമീപത്തെ കലുങ്കിന്‍റെ അടിഭാഗം അടയുന്നതോടെ കോളജ് റോഡിലും വെള്ളക്കെട്ട് ആകും. ഇടുങ്ങിയ വഴിയിലൂടെ പിന്നീട് പോകണമെങ്കിൽ ഇവിടെയെത്തുന്നവർ വള്ളത്തെ ആശ്രയിക്കേണ്ടി വരും. അപ്രതീക്ഷിതമായി മഴയെത്തിയാൽ വെള്ളക്കെട്ട് മാറാതെ വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കും പുറത്തിറങ്ങാനാകില്ല. കാലങ്ങളായി തുടരുന്ന ദുരിതത്തിന് ഇനിയെങ്കിലും അധികൃതർ പരിഹാരം കാണണമെന്നാണ് പഴവങ്ങാടി നിവാസികളുടെ ആവശ്യം.