പത്തനംതിട്ട :ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാല് മാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റകൃത്യത്തിന് അറസ്റ്റിലായി. കായംകുളം കാർത്തികപ്പള്ളി ഒന്നാം കുറ്റി പെരിങ്ങാല സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന ലാലു കൃഷ്‌ണനാണ് (23) പന്തളം പൊലീസിന്‍റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുരുമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഈ മാസം 11 ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം (ഒക്‌ടോബർ 14) മകളെ കാണാനില്ലെന്ന് മാതാവ് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജില്ല പൊലീസ്, സൈബർ സെല്ലിന്‍റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു നമ്പറിൽ നിന്നും പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് സംഘം, ആ നമ്പറിലുള്ള സിം കാർഡിന്‍റെ വിലാസം മനസിലാക്കുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തു. അങ്ങനെയാണ് ലാലുകൃഷ്‌ണയിലേക്ക് അന്വേഷണം എത്തിയത്.
അന്ന് തന്നെ പിങ്ക് പൊലീസ് പട്രോളിങ് സംഘത്തിലെ പൊലീസുദ്യോഗസ്ഥരായ ധന്യ, ആനിതോമസ് എന്നിവർ, എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ അമ്മയുമായി സ്ഥലത്തെത്തി അന്വേഷിക്കുകയും പെൺകുട്ടിയെ യുവാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്‌തു. ശേഷം കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു.