പത്തനംതിട്ട: കട്ടച്ചിറയിൽ വളർത്തുപശുവിനെ കടുവ കടിച്ചു കൊന്നു. ഈറമല അച്യുതന്‍റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ വനത്തിനോട് ചേർന്നുള്ള കാട്ടിൽതോട്ടിൽ പശുവിനെ കുളിപ്പിച്ച് കരയിലെ മരത്തിൽ കെട്ടിയിട്ടപ്പോഴാണ് കടുവ പാഞ്ഞെത്തിയത്. അച്യുതന്‍റെ വീട്ടിൽനിന്ന് ഏകദേശം 400 മീറ്ററോളം അകലെയായി ഒഴുകുന്ന കാട്ടിത്തോടിനോടു ചേർന്നാണ് കടുവയിറങ്ങിയത്.
പട്ടാപ്പകല്‍ കടുവ പശുവിനെ കൊന്നു: ഉടമസ്ഥരായ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - A cow was killed by a tiger
അച്യുതന്‍റെ വീട്ടിൽനിന്ന് ഏകദേശം 400 മീറ്ററോളം അകലെയായി ഒഴുകുന്ന കാട്ടിത്തോടിനോടു ചേർന്നാണ് കടുവയിറങ്ങിയത്
കിടാവ് ഉൾപ്പെടെ നാല് പശുക്കളുമായാണ് അച്യുതനും ഭാര്യ ഉഷയും തോട്ടിലേക്ക് എത്തിയത്. ആദ്യത്തെ പശുവിന്‍റെ ദേഹത്ത് വെള്ളം ഒഴിച്ച് കരയിൽ കെട്ടിയശേഷം അതിന്‍റെ കുട്ടിയെ കുളിപ്പിക്കാൻ തോട്ടിലേക്ക് ഇറങ്ങുമ്പോഴാണ് കടുവയുടെ ആക്രമണം. ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയ അച്യുതനും ഉഷയും കണ്ടത് കടുവ കരയിൽ കെട്ടിയ പശുവിന്റെ പുറത്തേക്കു ചാടിയ ശേഷം കഴുത്തിൽ കടിച്ചു വലിക്കുന്നതാണ്. ഭയന്നുവിറച്ച അച്യുതൻ ഉഷയെ പിടിച്ചുവലിച്ചു കൊണ്ട് വീട്ടിലേക്കാേടി. തിരിഞ്ഞു നോക്കിയപ്പോൾ കടുവ പശുവിനെ കടിച്ചുകൊണ്ടുതന്നെ നിൽക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തിയപ്പോൾ കടുവ ഉൾക്കാട്ടിലേക്കു തിരികെ പോകുന്നതാണ് കണ്ടത്. ആക്രമണത്തിൽ പശു ചത്തു. മറ്റു പശുക്കളെ കടുവ ഉപദ്രവിച്ചില്ല. വിവരമറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി. വൈകിട്ട് ആറ് മണിയോടെ പശുവിന്‍റെ ജഡം പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു.