പത്തനംതിട്ട:ജില്ലയിലെ ചെന്നീര്‍ക്കര അമ്പലപ്പാട്ട് മേഖലയിൽ ഏഴുപേരെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പമ്പുമല, മലങ്കുറ്റി ഭാഗങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ഏഴുപേരെയും നിരവധി വളര്‍ത്തുനായകളെയും കടിച്ച നായയ്‌ക്കാണ് പേവിഷബാധ. കുറുക്കന്‍റെ ആക്രമണമേറ്റാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.
പത്തനംതിട്ടയില്‍ ഏഴുപേരെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ
പത്തനംതിട്ട ചെന്നീര്‍ക്കര അമ്പലപ്പാട്ട് മേഖലയിലാണ് ഏഴുപേരെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്
പ്രദേശവാസിയുടെ വളര്‍ത്തുനായ ഇന്ന് മറ്റ് വളര്‍ത്തുനായകളേയും നാലോളം പേരെയും കടിച്ചിരുന്നു. സംഭവം അറിഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം എംആര്‍ മധുവിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നായയെ പിടികൂടി കെട്ടിയിടുകയായിരുന്നു. പിടികൂടുന്നതിനിടെയാണ് മൂന്ന് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിരുന്നു.
ആളുകളെ ആക്രമിച്ച നായയേയും കടിയേറ്റ മറ്റ് നായകളേയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തു. കടിയേറ്റ നായകളെ വ്യാഴാഴ്‌ച (നവംബര്‍ 3) വെറ്ററിനറി ഡോക്‌ടര്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ആളുകളെ കടിച്ച നായ ഇന്ന് രാവിലെ ചത്തു. തുടർന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.