പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഉടമയറിയാതെ സമാന്തര പണമിടപാട് നടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്‌ത ജീവനക്കാരെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്‌തു. സീതത്തോട്ടില്‍ പ്രവർത്തിക്കുന്ന മാറമ്പുടത്തില്‍ ഫിനാന്‍സിൽ 45.5 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്. സ്ഥാപനത്തിന്‍റെ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കല്‍ പുതുപ്പറമ്പിൽ രമ്യ (32), സീതത്തോട് മണികണ്ഠന്‍, കാലാ കല്ലോണ്‍ വീട്ടില്‍ ഭുവനമോള്‍ ടി.ബി (32) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് മാറമ്പുടത്തില്‍ ഫിനാന്‍സ്. റോയി വിദേശത്തായിരുന്ന സമയത്താണ് 45.5 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയത്. റോയി നാട്ടില്‍ തിരികെയെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ സ്ഥാപനത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.