കേരളം

kerala

ETV Bharat / state

അവധിയില്ലെന്ന് പത്തനംതിട്ട കലക്ടർ; ട്രോളും കമന്‍റും നിറഞ്ഞ് നൂഹിന്‍റെ ഫേസ്ബുക്ക് പേജ് - collector

അവധി പ്രഖ്യാപിക്കാൻ രസകരമായ ട്രോളുകളും കമന്‍റുകളുമായി ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജ്

ട്രോളും കമന്‍റും നിറഞ്ഞ് നൂഹിന്‍റെ ഫേസ്ബുക്ക് പേജ്

By

Published : Jul 22, 2019, 5:24 PM IST

പത്തനംതിട്ട:കാലവർഷം ശക്തമായാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഓരോ ജില്ലയുടേയും സാഹചര്യം കണക്കിലെടുത്താണ് കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നത്. മഴ പെയ്താലും ഇല്ലേലും അവധി പ്രഖ്യാപിച്ചാല്‍ സ്കൂളിലും കോളജിലും പോകേണ്ടല്ലോ എന്ന് വിചാരിക്കുന്നവരുമുണ്ട്. അത്തരമൊരു സംഭവമാണ് ഇന്നലെ പത്തനംതിട്ടയില്‍ ഉണ്ടായത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വാട്‌സ്ആപ്പില്‍ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അത് ഷെയർ ചെയ്യരുതെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.

ഉടൻ വന്നു രസകരമായ ട്രോളുകളും കമന്‍റുകളും. പത്തനംതിട്ടയുടെ സിംഹമേ കനിയണം എന്ന് തുടങ്ങി കഴിഞ്ഞ പ്രളയക്കാലത്തെ ഓർമിപ്പിച്ചും അവധി തന്നില്ലേല്‍ വിദ്യാർഥികളുടെ ശാപം ഏല്‍ക്കേണ്ടിവരും, നാളെ നീന്തി കോളജില്‍ പോകേണ്ടി വരും തുടങ്ങിയ കമന്‍റുകളുടെ പെരുമഴക്കാലമാണ് കലക്ടറുടെ ഫേസ്ബുക്ക് പേജില്‍. സാറേ എനിക്ക് നീന്തല്‍ അറിയില്ല, സാർ അവധി തന്നാല്‍ നാളെ അതൊരു ചരിത്രമാകും എന്നുള്ള സിനിമാ ഡയലോഗുകൾ വരെ കമന്‍റ് ബോക്സിലുണ്ട്. അവധിയില്‍ നിന്ന് പ്രൊഫഷണല്‍ കോളജുകളെ ഒഴിവാക്കരുതെന്നത് അടക്കമുള്ള ട്രോളുകളും കൊണ്ട് കലക്ടറുടെ ഫേസ്ബുക്ക് പേജ് നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇതിനൊന്നും കലക്ടർ മറുപടി പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം മഴക്കാലത്ത് തിരുവനന്തപുരം കലക്ടറായിരുന്ന വാസുകിയുടെ ഫേസ്ബുക്ക് പേജിലും അവധി ആവശ്യപ്പെട്ട് നിരവധി പേർ കമന്‍റുകളുമായി എത്തിയിരുന്നു.

ട്രോളും കമന്‍റും നിറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ നൂഹിന്‍റെ ഫേസ്ബുക്ക് പേജ്

ABOUT THE AUTHOR

...view details