പത്തനംതിട്ട: പതിനാറുകാരിയെ സഹോദരനും അമ്മാവനും ഉൾപ്പെടെ അഞ്ചുപേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ. പെണ്‍കുട്ടിയുടെ അമ്മാവന്‍ അയിരൂർ സ്വദേശി റെജി ജേക്കബ്, കുട്ടിയുടെ പരിചയക്കാരനായ സ്വകാര്യ ബസ് കണ്ടക്‌ടർ അയിരൂർ സ്വദേശി മഹേഷ് മോഹനൻ (ഉണ്ണി), ഇയാളുടെ സുഹൃത്ത് തടിയൂർ സ്വദേശി ജിജോ ഈശോ എബ്രഹാം എന്നിവരെയാണ് റിമാന്‍ഡ് ചെയ്‌തത്. പെൺകുട്ടിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത സഹോദരനെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി ജുവൈനല്‍ ഹോമിലേക്ക് അയച്ചു.
പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് കോയിപ്പുറം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തത്. ആകെ നാല് കേസുകളിലായി അഞ്ച് പ്രതികളാണുള്ളത്. കേസിലെ അഞ്ചാം പ്രതിയായ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ റാന്നി പെരുനാട് സ്വദേശി ഷിബു ഒളിവിലാണ്.
പീഡന വിവരം തുറന്നു പറഞ്ഞത് മൊഴിയെടുക്കുന്നതിനിടെ:രണ്ട് സുഹൃത്തുക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം ചൈല്‍ഡ് ലൈനിൽ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് വനിത പൊലീസിന്‍റെ സാന്നിധ്യത്തില്‍ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനിടെയാണ് സ്വന്തം സഹോദരനും അമ്മയുടെ സഹോദരനും ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തുറന്നു പറയുന്നത്. തുടര്‍ന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌ത് നടത്തിയ അന്വേഷണത്തിൽ നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആറാം ക്ലാസ് മുതല്‍ പീഡനം: കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടര്‍ ഫോണിൽ വിളിക്കുക പതിവായിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ ഈ മാസമാദ്യം രണ്ടാം പ്രതിയായ സുഹൃത്തുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന് വീടിന് പിന്നിലെ റബ്ബർ പുരയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കാലയളവില്‍ വീട്ടില്‍ വച്ച് സഹോദരന്‍ പീഡിപ്പിക്കുകയായിരുന്നു. 2020 ജനുവരി-സെപ്റ്റംബർ കാലയളവിലാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് അമ്മയുടെ സഹോദരൻ പീഡിപ്പിക്കുന്നത്. കുട്ടിയുടെ അമ്മയുടെ കാമുകന്‍ റാന്നി പെരുനാട് സ്വദേശി ഷിബു കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തലയാറിലെ വാടക വീട്ടിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചത്.
അമ്മയുടെ കാമുകന്‍ ഒളിവില്‍:മഹേഷ് മോഹനൻ, ജിജോ ഈശോ എബ്രഹാം എന്നിവരെ ജൂണ്‍ 16ന് പുലര്‍ച്ചെ ഇരുവരുടെയും വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. തുടർന്ന് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ കേസിൽ പെണ്‍കുട്ടിയുടെ സഹോദരനെ ജൂണ്‍ 17ന് ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി, ഉത്തരവ് പ്രകാരം ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോർട്ടും പൊലീസ് നൽകി.
അമ്മയുടെ സഹോദരനെ ജൂണ്‍ 17ന് ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശപ്രകാരം, ഒളിവിലുള്ള അഞ്ചാം പ്രതിക്കായുള്ള അന്വേഷണം കോയിപ്രം പൊലീസ് ഊർജ്ജിതമാക്കി.
Read more: 16കാരിയെ പീഡിപ്പിച്ചത് സഹോദരനും അമ്മാവനും ഉൾപ്പെടെ 5 പേർ, നാലുപേർ അറസ്റ്റിൽ; അമ്മയുടെ കാമുകൻ ഒളിവിൽ