പത്തനംതിട്ട :പന്തളം ശര്‍ക്കരയില്ലാതെ എന്ത് ഓണമെന്ന് രുചിയറിഞ്ഞവര്‍ പറയാറുണ്ട്. ഇക്കുറിയത്തെ ഓണവും മധുരതരമാക്കാനുള്ള ഒരുക്കത്തിലാണ് പത്തനംതിട്ട കടയ്ക്കാട് കരിമ്പ് വിത്തുത്പാദന കേന്ദ്രം. ഇതിനായി കരിമ്പുവെട്ടലും കരിമ്പാട്ടലും ശർക്കര തയ്യാറാക്കലുമെല്ലാം തകൃതിയില്‍ നടക്കുകയാണ് കൃഷിവകുപ്പിന്‍റെ തട്ടകത്തില്‍.
യന്ത്രത്തിൽ ആട്ടിയെടുക്കുന്ന കരിമ്പിൻ ജ്യൂസ് 500 ലിറ്റർ ശേഷിയുള്ള കൂറ്റൻ ചെമ്പടുപ്പിലേക്ക് ഒഴിക്കും. ഇത് രണ്ടര മണിക്കൂർ തിളച്ചുമറിയണം. പാകമാകുന്ന പാനി തണുക്കാൻ ശർക്കര തോണിയിലേക്ക് മാറ്റും.
തയ്യാറായാല്‍ പിന്നെ പാക്കിങ്ങ്. അതും പൂര്‍ത്തിയായാല്‍ അടുക്കളകളിലേക്ക്. ശേഷം തൂശനിലയിലേക്ക്. ചിങ്ങം ഒന്നിനാണ് പന്തളം ശർക്കരയുടെ വിതരണോദ്‌ഘാടനം നടക്കാറുള്ളത്.
ഓണത്തിന് മധുരമൂട്ടാന്‍ പന്തളം ശര്‍ക്കര കരിമ്പുകൃഷി 11 ഏക്കറില്‍
ഒരു ദിവസം മൂന്ന് ടണ്ണാണ് ഉത്പാദന ശേഷി. 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കരിമ്പുത്പാദന കേന്ദ്രത്തിലെ 11 ഏക്കറിലാണ് കരിമ്പുകൃഷി. വെട്ടിയെടുക്കുന്ന കരിമ്പ് അന്നുതന്നെ ആട്ടി ശർക്കരയാക്കുന്നതാണ് ഇവിടുത്തെ രീതി.
തികച്ചും ജൈവ രീതിയിലാണ് ശർക്കര നിർമാണം. അതുകൊണ്ടുതന്നെ, പന്തളം ശർക്കരയ്ക്ക് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാര്‍ ഏറെയാണ്.
പുറത്തുനിന്നും കർഷകർ എത്തിക്കുന്ന കരിമ്പ് ഒരു ടണ്ണിന് 3500 രൂപ നിരക്കിൽ ശർക്കരയാക്കി പാക്ക് ചെയ്ത് നൽകുമെന്ന് കൃഷി ഓഫിസർ വിമൽ കുമാർ പറയുന്നു.
1963 ൽ സ്ഥാപിതമായ കരിമ്പുത്പാദന കേന്ദ്രത്തിൽ 2007 മുതലാണ് ശർക്കര നിർമാണം ആരംഭിച്ചത്. പത്തുവർഷം കൊണ്ട് പന്തളം ബ്രാൻഡ് ശർക്കര വിപണി കീഴടക്കി വരുമ്പോഴാണ് തുടരെയുണ്ടായ പ്രളയങ്ങള്‍ എല്ലാം തകിടം മറിച്ചത്.
പ്രളയങ്ങളില്‍ 1.20 കോടി രൂപ നഷ്ടം
ഈ പ്രളയങ്ങളില്‍ കൃഷിയും മെഷിനുകളുമെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു. 1.20 കോടി രൂപയുടെ നഷ്‌ടമാണ് സംഭവിച്ചത്. പച്ചക്കറി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്കുപുറമെ നിറയെ പശുക്കളുള്ള വലിയൊരു ഫാമും ഇവിടെയുണ്ട്.
കൊവിഡ് പ്രതിസന്ധിയിലും ഈ ഓണത്തിനും പന്തളത്തിന്‍റെ തനതായ മധുരം പകരാനുള്ള ആവേശത്തിലാണ് കടയ്ക്കാട് കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിലെ ജീവനക്കാര്‍.
ALSO READ:ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് വീണ ജോര്‍ജ്