പത്തനംതിട്ട:നാട്ടു നന്മയുടെ കാറ്റേറ്റു വളർന്ന നാടൻ കാർഷിക വിഭവങ്ങളുടെ കണിയൊരുക്കലാണ് നാട്ടു വിപണികൾ. കദളിയും ഏത്തനും പച്ചക്കറികളും കൊടംപുളിയും ചേനയും മുതൽ കാന്താരിയും അടയ്ക്കയും വരെ നിരന്നിരിക്കുമ്പോൾ അത് പോന്നോണ സമൃദ്ധിയുടെ മനോഹരമായ കാഴ്‌ചയാണ്. പത്തനംതിട്ട ജില്ലയിലെ പഴകുളത്താണ് ഓണത്തെ വരവേറ്റ് പള്ളിക്കൽ സ്വശ്രയ കാർഷിക വിപണി സജീവമായത്.
ആഴ്‌ചയിൽ രണ്ടു ദിവസം മാത്രം പ്രവർത്തിക്കുന്ന വിപണി ഓണചന്തയ്ക്കായി മൂന്നാം തീയതി മുതൽ ആറാം തീയതി വരെ തുടർച്ചയായി പ്രവർത്തിക്കും. വി.എഫ്.പി.സി.കെയുടെ കീഴിൽ 16 വർഷമായി പ്രവർത്തിക്കുന്ന വിപണിയുടെ ശക്തി നാനൂറോളം വരുന്ന കർഷകരാണ്. ഒരു ലക്ഷം മുതൽ 5ലക്ഷം രൂപ വരെ പ്രതിദിന കച്ചവടം നടക്കുന്ന സംസ്ഥാനത്തെ പ്രധാന കാർഷിക വിപണികളിൽ ഒന്നാണിത്.