പത്തനംതിട്ട: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്‌തതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ മായയെയാണ് പത്തനംതിട്ട പൊലീസ് ഇന്‍സ്‌പെക്‌ടർ എസ്. ന്യൂമാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. പത്തനംതിട്ട കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും പുറത്തുവിട്ട ലിസ്റ്റ് പ്രതി സ്വന്തം വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും ഇതര ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.
നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
പത്തനംതിട്ട കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും പുറത്തുവിട്ട ലിസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ തെള്ളിയൂര്‍ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ മായയെ പൊലീസ് പിടികൂടി
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മായയിൽ നിന്നാണ് വിവരം ചോർന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടര്‍ന്നു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൊവിഡ് രോഗം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുകയോ, കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ നിന്നും അവശ്യസാധനങ്ങള്‍ അടൂര്‍ പറക്കോട് ചന്തയിലെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കേസ് എടുത്തെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.