പത്തനംതിട്ട :സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന 'അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി' നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഭരണഘടന ഉറപ്പ് തരുന്ന സമത്വം പൂര്‍ണ തോതില്‍ നടപ്പാകണമെങ്കില്‍ ഇനിയും സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. ഇതിനായി ഓരോ മേഖലയിലും സൂക്ഷ്‌മ തല ഇടപെടലുകള്‍ സാധ്യമാക്കുന്നതിന് സേവന അവസര അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി : എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പത്തനംതിട്ട ജില്ലയില്‍ അതി ദാരിദ്ര്യ നിര്‍മാര്‍ജന സര്‍വേ പ്രകാരം 2579 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ 2,579 കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള പിന്നോക്കാവസ്ഥ മാറ്റുന്നതിന് വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ ആവിഷ്‌കരിച്ചാണ് മുന്നോട്ടുപോകുന്നത്.
സര്‍ക്കാര്‍ വകുപ്പുകളും ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ല ഭരണകൂടവും ജനപ്രതിനിധികളും പൊതുസമൂഹവും ഒരുമിച്ച് ഈ സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പരിശ്രമിക്കുകയാണ്. ഈ അവസരത്തില്‍ പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണക്കാരനായ കെ കെ നായരെ ഓര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും : രാജ്യത്തിന്‍റെ പരമമായ നിയമവും എല്ലാ നിയമ നിര്‍മാണങ്ങളുടെ അടിസ്ഥാനവും പരമാധികാരത്തിന്‍റെ അടിത്തറയും ഭരണഘടനയാണ്. ഭരണഘടനാപരമായ ധാര്‍മികതയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ ഊര്‍ജം. നാനാത്വത്തില്‍ ഏകത്വത്തോടെയുള്ള സഹവര്‍ത്തിത്വവും ബഹുസ്വരതയോടെയുള്ള ബഹുമാനവും ആശയങ്ങളോടും ആവിഷ്‌ക്കാരങ്ങളോടുമുള്ള സഹിഷ്‌ണുതയും ഭരണഘടനാപരമായ ധാര്‍മികതയുടെ മുഖമുദ്രകളാണ്.
ഭരണഘടനാപരമായ ധാര്‍മികതയില്‍ സത്യത്തിന്‍റെ സംരക്ഷണവും ഉള്‍പ്പെടുന്നു. സത്യത്തിന്‍റെ അടിച്ചമര്‍ത്തലുകളും നിഷേധങ്ങളും ആവിഷ്‌കാരങ്ങളുടെ തടസപ്പെടുത്തലുകളും രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. സത്യത്തെ മൂടി വയ്ക്കാനുള്ള അസത്യ പ്രചാരണങ്ങളും വളരെ ഗൗരവത്തോടുകൂടി നാം കാണേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സോഷ്യല്‍ സൈലന്‍സിങ്ങിലൂടെ സമൂഹത്തെ നിശബ്‌ദമാക്കാനുള്ള ശ്രമങ്ങള്‍ ചില ഇടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട് എന്നുള്ളതും വളരെ ഗൗരവമുള്ള കാര്യമാണ്. ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി അത് കണക്കാക്കേണ്ടി വരും. 'ജനാധിപത്യം ഒരു സര്‍ക്കാരിന്‍റെ കേവല രൂപം മാത്രമല്ല. അത് സഹവര്‍ത്തിത്വത്തിന്‍റെയും സംയോജിത ആശയവിനിമയ അടിത്തറയില്‍ അധിഷ്‌ഠിതമായ സാമൂഹിക ജീവിതത്തിന്‍റെയും അനുഭവമാണ്. അത് പരമമായി സഹജീവികളോടുള്ള ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും മനോഭാവമാണ്' ഈ വാക്കുകള്‍ ഭരണഘടന ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്‌കറിന്‍റേതാണ്. ഡോ.ബി ആര്‍ അംബേദ്‌കര്‍ ഉള്‍പ്പടെയുള്ള ഭരണഘടന ശില്‍പികളെ ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് ആദരവോടെ ഓര്‍ക്കാം.