പത്തനംതിട്ട: സംസ്ഥാനത്തെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്ഷ സര്‍ക്കാരിന് തുല്യ പരിഗണന വിഷയങ്ങളാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ സുരക്ഷിതമായി മാറ്റുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗസ്‌റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണങ്ങള്‍ പരത്തരുത്: കോടതി പറഞ്ഞ അതേ സ്‌പിരിറ്റ് ഉള്‍ക്കൊണ്ടു തന്നെയാണ് ആനയെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ അതീവ ഗൗരവത്തില്‍ കാണുന്ന ഈ വിഷയം ചില കേന്ദ്രങ്ങളില്‍ നിന്നും വളരെ ലാഘവത്തോടെ കാണുകയും നിസാരവല്‍ക്കരിച്ചു സംസാരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വളരെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ദൗത്യസംഘം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൃഗങ്ങള്‍ ഒരിക്കലും സ്വമേധയാ മുന്‍പില്‍ വന്നു നിന്നുതരില്ലെന്നും അനുയോജ്യമായ സ്ഥലത്ത് കാലാവസ്ഥ അനുകൂലമായ സമയത്ത് മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ രോഷാകുലരാണെന്നും പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ച പറ്റിയെന്നും പറയുന്നതു ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു.
സര്‍ക്കാര്‍ ഒപ്പമുണ്ട്:ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വന്യ ജീവികളെയും ജനങ്ങളെയും ഒരു പോലെ സംരക്ഷിച്ചു കൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ മൂന്നിലൊന്ന് ശതമാനം വനപ്രദേശമാണെന്നും അതിലും കൂടുതല്‍ ഭാഗം സര്‍ക്കാരും വനംവകുപ്പും സംരക്ഷിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനവാസം തീരെ കുറഞ്ഞതും ഉള്‍വനങ്ങള്‍ ഏറെയുള്ളതുമായ പ്രദേശത്തേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. കൊണ്ടുപോകുന്ന സ്ഥലം ഏതുതന്നെ ആയാലും ആ സ്ഥലം വനം വകുപ്പിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.