പത്തനംതിട്ട: ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ നിരണം സ്വദേശിയെ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് തിരികെ എത്തിച്ചു. ആംബുലൻസിൽ കയറണമെങ്കിൽ ഭാര്യയും മകളും തനിക്കൊപ്പം വരണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് കുടുംബത്തെയും യുവാവിനൊപ്പം ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ദുബൈയില്‍ നിന്നും മടങ്ങിയെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ, ക്വാറന്‍റൈൻ ലംഘിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെ തിരികെ എത്തിച്ചു - man
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ ക്വാറന്‍റൈൻ ലംഘിച്ചതിനാലാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്
അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും മുങ്ങിയ ഇയാള്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തിയത്. ഇയാളുടെ വരവ് അറിഞ്ഞ ഉടനെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇയാള്‍ റോഡില്‍ ഇറങ്ങി നടന്നതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. പിന്നീട് നാട്ടുകാര്‍ നിര്‍ബന്ധിച്ച് വീട്ടില്‍ കയറ്റുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ പൊലീസും ആരോഗ്യ പ്രവർത്തകരും പല തവണ ആവശ്യപ്പെട്ടെങ്കിലും തിരികെ ആശുപത്രിയിലേക്ക് മടങ്ങാൻ ഇയാള്‍ സമ്മതിച്ചില്ല. ഭാര്യയും മകളും ഒപ്പം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നും ഇവരെ വരുത്തുകയായിരുന്നു. ഭാര്യക്കും മകൾക്കും പോകാൻ മറ്റൊരു ആംബുലൻസ് എത്തിച്ചിരുന്നു. എന്നാൽ താൻ കയറുന്ന ആംബുലൻസിൽ തന്നെ ഭാര്യയും മകളും ഉണ്ടാകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ മൂവരെയും ഒരേ ആംബുലൻസിലാക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ക്ക് നേരിയ മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.