പത്തനംതിട്ട:വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കലഞ്ഞൂർ പാലമലയിൽ സ്വദേശി അജികുമാറാണ് (47) പിടിയിലായത്. വിദേശത്ത് നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌ത് കോന്നി കുമ്മണ്ണൂർ സ്വദേശിനിയിൽ നിന്നും 1,65,000 രൂപ കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതി.
കേസ് രജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് പ്രതി മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്മെന്‍റ് എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനാണ് ഇയാൾ. സ്ഥാപനത്തിന്‍റെ മറവിൽ നിരവധി ആളുകളിൽ നിന്നും പണം തട്ടിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്തി വരുമ്പോഴാണ് പൊലീസ് സംഘം അവിടെയെത്തി പിടികൂടിയത്.
ജോലി വാഗ്‌ദാനം ചെയ്‌ത് ആകെ തട്ടിയത് 50 ലക്ഷം:പുതിയ സ്ഥാപനം തുടങ്ങുന്നതിനായി വിസിറ്റിങ് കാർഡുകളും ലെറ്റർ പാഡുകളും പ്രതി തയ്യാറാക്കിയിരുന്നു. പൊലീസ് പരിശോധനയിൽ ഇയാളിൽ നിന്നും 30ലധികം പാസ്പോർട്ടുകൾ കണ്ടെടുത്തു. അടൂരിലെ സ്ഥാപനം പൊലീസ് റെയ്‌ഡ് ചെയ്‌ത് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി കരുതുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി എത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
അടൂർ ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ നിർദേശ പ്രകാരം, പൊലീസ് ഇൻസ്പെക്‌ടർ ടിഡി പ്രജീഷിന്‍റെ നേതൃത്വത്തിൽ എസ്‌ഐമാരായ മനീഷ് എം, സുരേഷ് ബാബു, എഎസ്‌ഐ അജിത്, സിപിഒമാരായ അൻസാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.