പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറന്ന് വിട്ട സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ. റാന്നി ഇടത്തിക്കാവ് സ്വദേശി പെരിങ്ങാവിൽ സുനു എന്നറിയപ്പെടുന്ന അജീഷാണ് പിടിയിലായത്.
പരിസരവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ആന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മുമ്പും നിരവധി കേസുകളിൽ ഇയാർ പ്രതിയായിട്ടുണ്ട്. ഡിവൈഎസ്പി ജോസ്, വെച്ചൂച്ചിറ സിഐ ജി സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡാം തുറന്ന് വിട്ട ദിവസം തന്നെ പ്രദേശവാസിയായ പാതക്കൽ റോയിയുടെ വള്ളം തീ വച്ച് നശിപ്പിച്ചതും മുമ്പ് ഇടത്തിക്കാവ് പള്ളിപ്പുഴ മാത്യുവിന്‍റെ വീട് തീ വച്ച് നശിപ്പിച്ചതും ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഈ മാസം 12ന് രാത്രി 10 മണിയോടെയാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന്‍റെ ഷട്ടർ തുറന്ന് വിട്ടത്. മണിക്കൂറുകളോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ വെള്ളമൊഴുകി. വേനൽ കാരണം ഡാമിൽ ജലനിരപ്പ് കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.