ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ തിരുവല്ല സ്വദേശി വ്യവസായിയെ കൊന്ന് പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി (Body was hung on tree). ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവില്‍ താമസിച്ചിരുന്ന തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്ന് സംശയിച്ചെങ്കിലും വിശദ പരിശോധനയില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നും ഡിസിപി എം ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ദ്വാരക നോര്‍ത്ത് പൊലീസിന് പുറമേ ദ്വാരക ജില്ലാ പൊലീസ് ഓപ്പറേഷന്‍ സെല്ലില്‍ നിന്നുള്ള പ്രത്യേക സംഘവും ആന്‍റി ഓട്ടോ തെഫ്റ്റ് സ്ക്വാഡും അന്വേഷണത്തിന്‍റെ ഭാഗമാകുന്നുണ്ട്. സംഭവം നടന്ന പാര്‍ക്കിലേയും പരിസര പ്രദേശത്തേയും സിസിടിവി ഫുട്ടേജുകളും ലോക്കല്‍ ഇന്‍റലിജന്‍സ് ഇന്‍പുട്ടുകളും കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ദ്വാരകയിലെ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപം താമസിച്ചു വരികയായിരുന്നു സുജാതന്‍ പത്മനാഭന്‍. കഴിഞ്ഞ ദിവസം രാത്രി ബിസിനസ് ആവശ്യത്തിനായി രാത്രി ഒമ്പത് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സുജാതന്‍. ജയ്‌പൂരിലേക്ക് പോകാനിരിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പാര്‍ക്കിലെ മരത്തിനു മുകളില്‍ സുജാതന്‍റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെന്നും കൊലപാതകത്തിനുശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.