പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന് ഉജ്വല വിജയം. 23 വർഷ കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലം 9953 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. 1965-ൽ രൂപം കൊണ്ട മണ്ഡലത്തിൽ ഏറ്റവും ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്. തീ പാറുന്ന പ്രചാരണത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. രണ്ട് സ്വതന്ത്രരുൾപ്പെടെ അഞ്ച് സ്ഥാനാർഥികളാണ് കോന്നിയില്‍ മത്സരിക്കാനുണ്ടായിരുന്നത്. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എല്‍ഡിഎഫിനൊപ്പമായി.
കോന്നിയുടെ മനസ് മാറി; അടൂരിന്‍റെ തട്ടകത്തില്‍ ഇനി ജനീഷ് കുമാർ - konni latest news
ജനീഷ് കുമാറിന് 9953 വോട്ടിന്‍റെ ഭൂരിപക്ഷം. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എല്‍ഡിഎഫിനൊപ്പമായി.
ആദ്യ റൗണ്ടിൽ യു.ഡി.എഫിന് 532 വോട്ടിന്‍റെ ലീഡ് നേടാനായതൊഴിച്ചാല്‍ പിന്നീട് അത് തിരികെ പിടിക്കാൻ യുഡിഎഫിനായില്ല. എൽ.ഡി.എഫ് 54099 വോട്ടും കോൺഗ്രസ് 44146 വോട്ടും ബിജെപി 39786 വോട്ടുമാണ് കോന്നിയില്‍ നേടിയത്. നോട്ട 469 വോട്ടും നേടി.
ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന യുവജന കമ്മീഷനംഗം, പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എന്നിവയാണ് ജനീഷ് കുമാറിന്‍റെ പ്രവര്‍ത്തന മേഖല. സ്വന്തം ജന്മ നാട് കൂടിയായ സീതത്തോടും തണ്ണിത്തോടും ചിറ്റാറുമുൾപ്പെടെയുള്ള പഞ്ചായത്തുകളില്‍ ജനീഷ് കുമാര്‍ മികച്ച ഭൂരിപക്ഷം നേടി. യു.ഡി.എഫിന്‍റെ കോട്ടയായിരുന്ന മൈലപ്ര, കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. ഫലം വന്നതോടെ വലിയ ആഘോഷ പരിപാടികളാണ് മണ്ഡലത്തില്‍ നടന്നത്.