പത്തനംതിട്ട: കോന്നി പിടിച്ചെടുക്കാൻ വാശിയോടെ മൂന്ന് മുന്നണികളും. കോന്നി ഉപതെരഞ്ഞെടുപ്പിലെ വിജയസാധ്യത വിലയിരുത്താൻ പത്തനംതിട്ട പ്രസ് ക്ലബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ എല്‍ഡിഎഫിനു വേണ്ടി കെ. അനന്തഗോപന്‍, യുഡിഎഫിനു വേണ്ടി ബാബു ജോര്‍ജ്, എന്‍ഡിഎക്ക് വേണ്ടി ഷാജി ആര്‍. നായര്‍ എന്നിവർ പങ്കെടുത്തു. കോന്നിക്കുവേണ്ടത് ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എയെയാണ്. പ്രതിപക്ഷ നേതാവിനൊപ്പം വാക്കൗട്ട് നടത്താനുള്ളയാളെയല്ല നിയമസഭയിലേക്ക് വോട്ടര്‍മാര്‍ അയക്കുന്നതെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍ പറഞ്ഞു.
കോന്നി ഉപതെരഞ്ഞെടുപ്പ്; എതിരാളികളുടെ ദുർബലത പടവാളാക്കി മുന്നണികൾ
പ്രസ്ക്ലബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കെ അനന്തഗോപന്‍,ബാബു ജോർജ്,ഷാജി ആര്‍ നായർ എന്നിവർ പങ്കെടുത്തു
കേരള സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ശബരിമല വിഷയത്തിൽ വിമർശിച്ചുകൊണ്ടാണ് ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് സംസാരിച്ചത്. എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വിശ്വാസത്തിന്‍റെ പേരില്‍ ശബരിമലയെ കലാപഭൂമിയാക്കിയവരാണ് ബിജെപിക്കാര്‍. വിശ്വാസം സംരക്ഷിക്കാന്‍ ശരിക്കും താത്പര്യമുള്ളവരായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിയമനിര്‍മാണം നടത്തിയേനെ. വോട്ട് ലക്ഷ്യമിട്ട് വീണ്ടും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപിയും എല്‍ഡിഎഫും തയാറാക്കുന്നുണ്ടെന്ന് ബാബു ജോര്‍ജ് പറഞ്ഞു.
കെ. സുരേന്ദ്രന് കോന്നി മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യതയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനു വേണ്ടി ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് സുരേന്ദ്രന്‍. എല്ലാ മതവിഭാഗങ്ങളിലും പെട്ട വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു കഴിഞ്ഞു.എന്നാൽ സ്വന്തം പാര്‍ട്ടിയില്‍ പോലും തഴയപ്പെട്ടവരാണ് യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രമാണ് വോട്ട് വര്‍ധനവുണ്ടായത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്‍റിന് നിയമനിര്‍മാണം സാധ്യമല്ല. കേസിന്‍റെ അന്തിമവിധി വിശ്വാസസമൂഹത്തിന് എതിരാണെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷാജി കൂട്ടിച്ചേർത്തു.