പത്തനംതിട്ട :ജില്ലയിൽകഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കൊടുമൺ പഞ്ചായത്തിലെ കനകക്കുന്ന് മലയിടിഞ്ഞ്(Landslide at kanakakkunnu) അടിവാരത്തെ ചേന്നങ്കര തോട്ടിൽ പതിച്ചു. മണ്ണ് വീണടഞ്ഞ തോട് ഗതിമാറിയൊഴുകിയതോടെ സമീപമുള്ള കളീയ്ക്കപടി-ചേന്നങ്കര ഏലായിലെ 50 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു(destruction of crops). അരക്കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് കർഷകർ പറയുന്നത്.
പലരും വായ്‌പയെടുത്താണ് ഇവിടെ കൃഷിയിറക്കിയത്. ഒരുമാസം പ്രായമായ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ഒപ്പം ഏലായിലെ കരകൃഷികളും നശിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് മലയിടിച്ചിൽ ആരംഭിച്ചത്. മരങ്ങൾ ഉൾപ്പടെയാണ് തോട്ടിലേക്കും സമീപമുള്ള റോഡിലേക്കും പതിച്ചത്. അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. പന്നിവിഴ-ചിരണിക്കൽ റോഡിലൂടെ തോട് ഗതിമാറിയൊഴുകുന്നത് കാരണം കൊടുമൺ പഞ്ചായത്തിന്‍റെയും അടൂർ നഗരസഭയുടെയും അതിർത്തി പ്രദേശമായ ഇവിടെ ഗതാഗത തടസം നേരിടുകയാണ്.