പത്തനംതിട്ട : കെഎസ്‌ആര്‍ടിസിയുടെ പത്തനംതിട്ട- ബെംഗളൂരു ബസില്‍വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്‌ടർ പി.എ ഷാജഹാനെയാണ് സർവീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. പെൺകുട്ടി കെഎസ്ആര്‍ടിസിക്ക് നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ 17 ന് പത്തനംതിട്ട-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലായിരുന്നു സംഭവം. സംഭവ ശേഷം പരാതിക്കാരിയെ ഇയാൾ ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികരിക്കാത്തതിനാൽ വാട്ട്സ് ആപ്പിൽ വോയ്‌സ് മെസേജ് അയക്കുകയും ചെയ്തു. സ്ഥാപനത്തിന്‍റെ അറിവോ സമ്മതമോ കൂടാതെ വാർത്താ മാധ്യമങ്ങളിൽ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു.
വാട്ട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ടുവെന്ന് വോയ്‌സ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും, കോടതിയിൽ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നും പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വാർത്താമാധ്യമങ്ങളിൽ ഇയാള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പരാതിക്കാരിക്കും, സ്ഥാപനത്തിനും അപകീർത്തിവരുത്തുന്നതും, വസ്‌തുതാവിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുള്ള പ്രവർത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സസ്പെൻഡ് ചെയ്‌തതെന്ന് കെഎസ്ആർടിസി അറിയിച്ചു.