പത്തനംതിട്ട:ശബരിമല മകരവിളക്കുത്സവം പ്രമാണിച്ച് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കേരള ജലവിഭവ വകുപ്പ്. തീര്‍ഥാടകര്‍ക്ക് ദാഹമകറ്റുന്നതിനും വിശ്രമ സൗകര്യമൊരുക്കുന്നതിനും നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും കുടിവെള്ള കിയോസ്‌കുകളും വിരിവയ്‌ക്കാനുള്ള സൗകര്യങ്ങളുമുള്‍പ്പെടെ വലിയ സൗകര്യങ്ങളാണ് ജലവിഭവ വകുപ്പ് ഒരുക്കിയിട്ടുള്ളത്. കരിമല വഴി വരുന്ന അയ്യപ്പഭക്തന്മാര്‍ക്ക് വിശ്രമിക്കാന്‍ 50 വിരിവയ്‌പ്പ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തീര്‍ഥാടകരുടെ ദാഹമകറ്റുന്നതിന് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി പമ്പ സെക്ഷന് കീഴില്‍ ചെറിയാനവട്ടത്ത് നിന്നുള്ള കുടിവെള്ള പൈപ്പുകള്‍ രണ്ട് കിലോമീറ്റര്‍ ദൂരം നീട്ടി വലിയാനവട്ടം വരെ എത്തിച്ചിട്ടുണ്ട്. ഇതോടെ ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. മകരജ്യോതി ദര്‍ശനത്തിനുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഹില്‍ടോപ്പിന് മുകളില്‍ അയ്യായിരം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് പി.വി.സി ടാങ്കുകള്‍ പുതുതായി സ്ഥാപിച്ച് കിയോസ്‌കുകള്‍ വഴി കുടിവെള്ളം ലഭ്യമാക്കി തുടങ്ങി.