കേരളം

kerala

ETV Bharat / state

തച്ചുശാസ്ത്ര പെരുമയുടെ സുന്ദര ശില്പങ്ങളായി കളത്തട്ടുകൾ

സാംസ്കാരിക കൂട്ടായ്മകൾക്കും പുസ്തക ചർച്ചകൾക്കും കവിയരങ്ങുകൾക്കും സൗഹൃദ സല്ലാപങ്ങൾക്കുമെല്ലാം പുതുതലമുറ പഴമയുടെ ഗരിമയിൽ തണൽ പൊഴിച്ചുനിൽക്കുന്ന കളത്തട്ടുകൾ ഉപയോഗിക്കുന്നു.

By

Published : Jun 9, 2021, 8:36 PM IST

kalathatt in pathanamthita  നാട്ടുനന്മയുടെ മടിത്തട്ടിൽ തച്ചുശാസ്ത്ര പെരുമയുടെ സുന്ദര ശില്പങ്ങളായി കളത്തട്ടുകൾ  കളത്തട്ട്  തച്ചു ശാസ്ത്രം  വഴിയമ്പലം  തട്ട ഒരിപ്പുറം ക്ഷേത്രം  ചുമടുതാങ്ങി
നാട്ടുനന്മയുടെ മടിത്തട്ടിൽ തച്ചുശാസ്ത്ര പെരുമയുടെ സുന്ദര ശില്പങ്ങളായി കളത്തട്ടുകൾ

പത്തനംതിട്ട: നാട്ടിൻ പുറങ്ങളിലെ കുളിരുള്ള കാഴ്ചകളിലൊന്നാണ് പഴയകാല പ്രതാപത്തിൽ തലയുയർത്തി നിൽക്കുന്ന കളത്തട്ടുകൾ. പണ്ടുകാലത്ത് വിശ്രമത്തിനും വിനോദത്തിനുമായി നിർമിച്ച കളത്തട്ടുകൾ തച്ചുശാസ്ത്രത്തിൽ തീർത്ത സുന്ദര ശില്പങ്ങളാണ്.

കളത്തട്ട്, കളിത്തട്ടകം, വഴിയമ്പലം തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. കഥകളിലും കവിതകളിലും പാട്ടുകളിലുമൊക്കെ വഴിയമ്പലം എന്ന വാക്ക് ഇഴചേർന്നിട്ടുണ്ട്. ഒരു കാലഘട്ടത്തിന്‍റെ അടയാളമായ കളത്തട്ടുകളാൽ സമ്പന്നമാണ് പത്തനംതിട്ട ജില്ല.

നിരവധി കളത്തട്ടുകൾ ജില്ലയിൽ സംരക്ഷിച്ചുപോരുന്നു. ഇത്തരത്തിൽ സംരക്ഷിക്കുന്ന രണ്ട് കളത്തട്ടുകളാണ് തട്ട ഒരിപ്പുറം ക്ഷേത്രത്തിന് സമീപത്തുള്ളത്. ക്ഷേത്രത്തിനരികിലൂടെ കടന്നുപോകുന്ന മൺപാതയ്ക്ക് ഇരുവശങ്ങളിലുമായാണ് കളത്തട്ടുകൾ സ്ഥിതിചെയ്യുന്നത്.

നാട്ടുനന്മയുടെ മടിത്തട്ടിൽ തച്ചുശാസ്ത്ര പെരുമയുടെ സുന്ദര ശില്പങ്ങളായി കളത്തട്ടുകൾ

എല്ലാ കളത്തട്ടുകളോടും ചേർന്ന് ഒരു ചുമടുതാങ്ങിയുണ്ടാകും. നീളത്തിലുള്ള കൂറ്റൻ കരിങ്കൽ പാളിയിൽ തീർത്തവയാണ് ചുമടുതാങ്ങികൾ. ചന്തകളിലേക്കും മറ്റും കാർഷിക വിളകളുൾപ്പെടെ സാധന സാമഗ്രികൾ പണ്ടുകാലത്ത് തലച്ചുമടായാണ് കൊണ്ടുപോയിരുന്നത്.

Also Read: പാലക്കാട്ട് വീണ്ടും നവജാത ശിശു മരണം

കളത്തട്ടുകളോട് ചേർന്ന് കിണറും ആല്‍മരവും

ഇത്തരത്തിൽ തലച്ചുമടുമായെത്തുന്ന വഴിയാത്രക്കാര്‍ക്ക് പരസഹായമില്ലാതെ ഭാരമിറക്കാനും വീണ്ടും തലയിലേറ്റാനുമുള്ള ആശ്രയമായിരുന്നു ചുമടുതാങ്ങികൾ. കളത്തട്ടുകളോട് ചേർന്ന് ദാഹമകറ്റാന്‍ ഒരു കിണറോ കുളമോ ഉണ്ടാകും. ഒപ്പം തണലേകൻ ഒരു ആൽമരവും.

ചുമടിറക്കിവച്ച് കളത്തട്ടിലെത്തി അൽപ്പം വിശ്രമിക്കും. പിന്നീട്, കരുതിയിട്ടുള്ള ഭക്ഷണവും കഴിച്ച്, കുളത്തിൽ നിന്നും വെള്ളം കുടിച്ച് ദാഹവുമകറ്റി, കളത്തട്ടിൽ ഒന്ന് മയങ്ങിയെണീറ്റ്, വീണ്ടും ലക്ഷ്യത്തിലേക്ക് ചുമടും പേറി മടക്കം. ഇതായിരുന്നു അന്നത്തെ രീതി.

തട്ടയിലെ കളത്തട്ടുകളോട് ചേർന്ന് ഒരാൽമരവും കുളവുമുണ്ട്. പഥികർക്ക്‌ അഭയകേന്ദ്രമായിരുന്ന ഇവ നാട്ടുപഞ്ചായത്ത്, ഗ്രാമ കൂട്ടായ്മകൾ, തർക്ക പരിഹാര വേദി, കലാപരിപാടികളുടെ അവതരണം എന്നിവയ്ക്കും ഉപയോഗിച്ചിരുന്നു.

ഗ്രാമ കോടതികളായി കളത്തട്ടുകള്‍

തട്ടയിലെ കളത്തട്ടുകൾ ഗ്രാമ കോടതികളായിട്ടുള്ള ചരിത്രം പഴമക്കാർ പറഞ്ഞു തന്നിട്ടുണ്ടെന്ന് പ്രദേശവാസി രവിശങ്കർ പറഞ്ഞു. കൊവിഡ് കാലമായതിനാൽ കളത്തട്ടുകളും മൂകതയിലാണ്.

പുതുതലമുറയിലെ നല്ലൊരു വിഭാഗം കളത്തട്ടുകളെ സാംസ്‌കാരിക പ്രവർത്തനത്തിനുള്ള ഇടങ്ങളാക്കുന്നുവെന്നത് മാതൃകയാണ്. സാംസ്കാരിക കൂട്ടായ്മകൾക്കും പുസ്തക ചർച്ചകൾക്കും കവിയരങ്ങുകൾക്കും സൗഹൃദ സല്ലാപങ്ങൾക്കുമെല്ലാം പുതുതലമുറ പഴമയുടെ ഗരിമയിൽ തണൽ പൊഴിച്ചു നിൽക്കുന്ന കളത്തട്ടുകൾ ഉപയോഗിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മാറുന്നതോടെ ഇവ വീണ്ടും സജീവമാകും.

ABOUT THE AUTHOR

...view details