പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി ആരാകുമെന്ന അനിശ്ചിതത്വത്തിനും ആകാംക്ഷക്കും അവസാനം കുറിച്ച് കഴിഞ്ഞ ദിവസമാണ് ബിജെപി കേന്ദ്ര നേതൃത്വം കെ സുരേന്ദ്രന്‍റെ പേര് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ സുരേന്ദ്രനെ ആഘോഷപൂര്‍വമാണ് അണികള്‍ സ്വീകരിച്ചത്. പകല്‍11.45ന് ജനശതാബ്ദി എക്സ്പ്രസിൽ തിരുവല്ല റെയിൽവെ സ്റ്റേഷനിൽ എത്തിയ സുരേന്ദ്രനെ കാത്ത് പാർട്ടി പ്രവർത്തകരുടെ വലിയ നിര തന്നെയുണ്ടായിരുന്നു. കെ സുരേന്ദ്രൻ എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സുരേന്ദ്രനെ സ്വീകരിച്ചത്. തുറന്ന ജീപ്പിലേക്ക് കയറിയ സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിക്കാനും പ്രവർത്തകർ തിക്കിത്തിരക്കി.
പത്തനംതിട്ടയിൽ സുരേന്ദ്രന് വൻ സ്വീകരണം - കെ.സുരേന്ദ്രൻ
അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വികാരം പ്രതിഫലിക്കും. അട്ടിമറി ജയം ഉറപ്പെന്നും സുരേന്ദ്രന്
സാധാരണ ജനങ്ങളുടെ വികാരം പ്രതിഫലിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണിതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു മുന്നണിക്കും ലഭിക്കാത്ത ഭൂരിപക്ഷമായിരിക്കും ബിജെപിക്ക് ലഭിക്കുക. അടിച്ചമർത്തപ്പെട്ട ജനതയുടെ വികാരം പ്രതിഫലിക്കും. പത്തനംതിട്ടയിൽ അട്ടിമറി ജയം ഉറപ്പാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊടിയാടിയിലേക്ക് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. നാളെയും മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. 26ന് പത്തനംതിട്ടയിൽ നടക്കുന്ന കൺവൻഷനിൽ ദേശീയ നേതാക്കളെയെത്തിച്ച് പ്രചാരണത്തുടക്കം കൊഴുപ്പിക്കാനുള്ള ശ്രമവും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.